സിനിമയെ ട്രെന്‍ഡിംഗ് ആക്കി ഇലോണ്‍ മസ്‌ക്; നന്ദി പറഞ്ഞ് നിര്‍മ്മാതാവ്, ആ മീമിലെ ചിത്രം ഇതാണ്..

ഇലോണ്‍ മസ്‌ക് പങ്കുവച്ച മീം ശ്രദ്ധിക്കപ്പെട്ടതോടെ തന്റെ സിനിമയ്ക്ക് പ്രശസ്തി ലഭിച്ചതില്‍ നന്ദി പറഞ്ഞ് നിര്‍മ്മാതാവ്. ‘എങ്ങനെ ഇന്റലിജന്‍സ് പ്രവര്‍ത്തിക്കുന്നു’ എന്ന ക്യാപ്ഷനോടെ എത്തിയ ഒരു മീം കഴിഞ്ഞ ദിവസം മസ്‌ക് പങ്കുവച്ചിരുന്നു. ഇത് എക്‌സില്‍ ട്രെന്‍ഡിംഗ് ആവുകയും ചെയ്തു.

ഒരു പുരുഷനും സ്ത്രീയും കൂടി കരിക്കിന്‍ വെള്ളം പങ്കിട്ട് കുടിക്കുന്നതാണ് ചിത്രത്തിലുള്ളത്. ഓപ്പണ്‍ എഐയുമായുള്ള ആപ്പിളിന്റെ പങ്കാളിത്തം അനാവശ്യ ഡാറ്റ പങ്കിടലിന് എങ്ങനെ കാരണമാകുമെന്ന് സൂചിപ്പിക്കുന്ന വാചകങ്ങളോട് കൂടിയാണ് മീം എത്തിയത്. 2017ല്‍ പുറത്തിറങ്ങിയ ‘തപ്പട്ടം’ എന്ന ചിത്രത്തിലെ രംഗമാണിത്.

തന്റെ സിനിമാ ലോകപ്രശസ്തമാക്കിയതിന് ‘തപ്പട്ട’ത്തിന്റെ നിര്‍മ്മാതാവ് ആദം ബാവ മസ്‌കിനോട് നന്ദി പറഞ്ഞിരിക്കുകയാണ്. നിരവധി ഉപയോക്താക്കള്‍ നിര്‍മ്മാതാവിനെ അഭിനന്ദിക്കുകയും വ്യത്യസ്ത പ്രതികരണങ്ങളും കമന്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മുജിബര്‍ റഹ്‌മാന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്.