ശരിക്കും മൂന്ന് ദിവസം കൊണ്ട് ഒരു വീട് വാര്‍ക്കുക തന്നെ ചെയ്തു, പരിക്കു പറ്റാത്ത ഒരു ആര്‍ട്ടിസ്റ്റ് പോലുമില്ല; മനസ്സ് തുറന്ന് തിരക്കഥാകൃത്ത് സജീവ് പാഴൂര്‍

ജി. പ്രജിത്തിന്റെ സംവിധാനത്തില്‍ ബിജുമേനോനും സംവൃത സുനിലും പ്രധാന വേഷത്തിലെത്തിയ ചിത്രം സത്യം പറഞ്ഞാ വിശ്വസിക്കുവോ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. വാര്‍ക്ക പണിക്കാരുടെ കഥ പറയുന്ന ചിത്രമായതിനാല്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ച് ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ തിരക്കഥാകൃത്ത് സജീവ് പാഴൂര്‍ പറയുന്നതിങ്ങനെ.

“വാര്‍ക്കപ്പണിക്കാരുടെ കഥ പറയുക എന്നത് ഒരു കടുത്ത തീരുമാനമായിപ്പോയി എന്നു സിനിമയുടെ ചിത്രീകരണത്തിനിടയില്‍ തോന്നിപ്പോയിരുന്നു. ശരിക്കും 3 ദിവസം കൊണ്ട് ഒരു വീട് വാര്‍ക്കുക തന്നെ ചെയ്തു. പരിക്കു പറ്റാത്ത ഒരു ആര്‍ട്ടിസ്റ്റ് പോലുമില്ല. എന്നാല്‍ എല്ലാവരും ഒരു മടിയും കൂടാതെ കമ്മിറ്റഡ് ആയി ഹാര്‍ഡ് വര്‍ക്ക് ചെയ്തു. എന്തുകൊണ്ട് വാര്‍ക്ക പണിക്കാര്‍ എന്ന ചോദ്യം വളരെ പ്രധാനമാണ്. എനിക്ക് വര്‍ക്കിംഗ് ക്ലാസിന്റെ കഥ പറയാനാണ് ഇഷ്ടം. സജീവ് വ്യക്തമാക്കി.

ബിജു മേനോനും സംവൃതയ്ക്കും പുറമേ അലന്‍സിയര്‍, സൈജു കുറുപ്പ്, സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, വിജയകുമാര്‍, ദിനേശ് പ്രഭാകര്‍, മുസ്തഫ, ബീറ്റോ, ശ്രീലക്ഷ്മി, ശ്രുതി ജയന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.ഒരു വടക്കന്‍ സെല്‍ഫിക്കു ശേഷം ജി.പ്രിജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍, ഉര്‍വ്വശി തിയേറ്റേഴ്‌സ് എന്നിവയുടെ ബാനറില്‍ രമാദേവി, സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ഷഹനാദ് ജലാല്‍. രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങും ഷാന്‍ റഹ്മാന്‍ സംഗീതസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു.