ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കാന്‍ പ്രഭാസിന്റെ ‘സാഹോ’; മരണ മാസ് ടീസര്‍ എത്തി

സിനിമാപ്രേമികളെ വിസ്മയിപ്പിച്ച ബാഹുബലിയ്ക്ക് ശേഷം പ്രഭാസ് നായകനായെത്തുന്ന പുതിയ ചിത്രം സാഹോയുടെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, മലയാളം ടീസറുകളാണ് റിലീസ് ചെയ്തത്. ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ടീസര്‍. ബാഹുബലി 2 വിന് ശേഷം പ്രഭാസിന്റേതായി തിയേറ്ററുകളില്‍ എത്താനൊരുങ്ങുന്ന ചിത്രമാണ് സാഹോ. ആരാധകരുടെ ആ ആകാംക്ഷ വെറുതേയാവില്ല എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ റിലീസിംഗിന് ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് സാഹോ. ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് മാത്രം 90 കോടി രൂപയാണ് ചെലവെന്നാണ് റിപ്പോര്‍ട്ട്. ഹോളിവുഡ് ആക്ഷന്‍ സംവിധായകന്‍ കെന്നി ബേറ്റസാണ് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ട്രാന്‍സ്‌ഫോര്‍മേഴ്‌സ്, റഷ് അവര്‍ തുടങ്ങിയ സിനിമകളുടെ ആക്ഷന്‍ സംവിധായകനാണ് ഇദ്ദേഹം.സുജീത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ടി സീരീസും, യു.വി ക്രിയേഷന്‍സും ഒരുമിച്ചാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ജാക്കി ഷ്‌റോഫ്, മന്ദിര ബേദി, നീല്‍ നൈറ്റിന് മുകേഷ്, ചങ്കി പാണ്ഡെ, അരുണ്‍ വിജയ് മുരളി ശര്‍മ്മ എന്നിവരടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മലയാള ചലച്ചിത്ര താരം ലാലും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്. ശങ്കര്‍ ഇശാന്‍ ലോയ് ത്രയം സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍. മഥിയും എഡിറ്റിംഗ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്. ഓഗസ്റ്റ് 15നു ചിത്രം തിയേറ്ററുകളിലെത്തും.