'ദിവസക്കൂലികൊണ്ടു മാത്രം ജീവിക്കുന്നവരെ ഈ നേരത്ത് ഓര്‍മിപ്പിക്കാന്‍ തോന്നിയ ആ മനസിനോട് ഒരുപാട് സ്‌നേഹം'- വൈറല്‍ കുറിപ്പ്

ജനങ്ങള്‍ കൊറോണ ഭീതിയില്‍ ഇരിക്കവേ ദിവസക്കൂലികൊണ്ടു മാത്രം ജീവിക്കുന്നവരുടെയും നൊമ്പരമോര്‍ത്ത് അവരെയും ചേര്‍ത്തു നിര്‍ത്തണമെന്ന് പറഞ്ഞ മമ്മൂട്ടിയുടെ നല്ല മനസിനെ അഭിനന്ദിച്ച് ഡോക്ടര്‍ നെല്‍സണ്‍ ജോസഫ്. അടുത്തുള്ളവരെ കാണണമെന്നും അവര്‍ക്കുവേണ്ടിയും കരുതണമെന്നും ഈ നേരത്ത് ഓര്‍മിപ്പിക്കാന്‍ തോന്നിയ ആ മനസിനോട് ഒരുപാട് സ്‌നേഹമുണ്ടെന്ന് നെല്‍സണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നെല്‍സണിന്റെ കുറിപ്പ്….

മമ്മൂട്ടിയെന്ന അഭിനേതാവിനെക്കുറിച്ച് പലരും എഴുതിക്കണ്ടിട്ടുണ്ട്. ചെയ്ത കഥാപാത്രങ്ങളെക്കുറിച്ചു മുതല്‍ ചിത്രങ്ങളെക്കുറിച്ചു വരെ. പ്രായം റിവേഴ്‌സ് ഗിയറിലോടുന്നയാളെന്ന് അദ്ദേഹത്തെ പുകഴ്ത്തിക്കണ്ടിട്ടുണ്ട്..അതിന്റെ രഹസ്യമെന്താണെന്ന് ചോദിക്കാത്ത അഭിമുഖങ്ങള്‍ ചുരുക്കമായിരിക്കും. മമ്മൂട്ടിയെന്ന മനുഷ്യനെക്കുറിച്ചുകൂടി പറയേണ്ടത് അത്യാവശ്യമാണ്..

പലരും പലതും പറഞ്ഞിട്ടും മറന്നുപോയ, മറന്നുപോവുന്ന കാര്യമാണ് കോവിഡ് ആക്രമിക്കുമ്പൊ അരികുവല്‍ക്കരിക്കപ്പെട്ട ആള്‍ക്കാര്‍ എങ്ങനെ അതിജീവിക്കുന്നുവെന്നത്.ദിവസക്കൂലിക്കാര്‍, അന്നന്നത്തെ അന്നം മാത്രം അന്നന്ന് ഉണ്ടാക്കാന്‍ കഴിയുന്നവര്‍, അതിനപ്പുറത്തേക്ക് സാധിക്കാത്തവര്‍.. ഒരു ദിവസം കര്‍ഫ്യൂ എന്ന് കേള്‍ക്കുമ്പൊ കടകളിലേക്ക് ഇടിച്ചുകയറാന്‍ പാങ്ങില്ലാത്തവര്‍.

അവരെ കരുതണമെന്ന് മമ്മൂട്ടിയെപ്പോലെ വലിയൊരു ആരാധകവൃന്ദമുള്ളൊരാള്‍ ഓര്‍മിപ്പിക്കുമ്പൊ ഒരു ചെറിയ ശതമാനമെങ്കിലും അതിനു ശ്രമിച്ചാല്‍ അതുണ്ടാക്കുന്ന മാറ്റം വളരെ വലുതായിരിക്കും.അടുത്തുള്ളവരെ കാണണമെന്നും അവര്‍ക്കുവേണ്ടിയും കരുതണമെന്നും ഈ നേരത്ത് ഓര്‍മിപ്പിക്കാന്‍ തോന്നിയ ആ മനസിനോട് ഒരുപാട് സ്‌നേഹം.ഇന്‍ഫോക്ലിനിക് കുറിപ്പുകള്‍ ഒന്നിലേറെത്തവണ പങ്കുവച്ചിരുന്നുവെന്നതില്‍ ചെറുതല്ലാത്തൊരു അഭിമാനവുമുണ്ട്. ഈ സമയവും അതിജീവിക്കാന്‍ ഇതുപോലെ നന്മയും കൂടിയേ തീരൂ.

Read more