നഴ്‌സുമാരെ കുറിച്ച് അശ്ലീല പരാമര്‍ശം; വെട്ടിലായി നന്ദമൂരി ബാലകൃഷ്ണ

നഴ്‌സുമാരെക്കുറിച്ച് അശ്ലീല പരാമര്‍ശം നടത്തി വെട്ടിലായിരിക്കുകയാണ് നടന്‍ നന്ദമൂരി ബാലകൃഷ്ണ. നടനോടുള്ള പ്രതിഷേധം സമൂഹ മാധ്യമങ്ങളിലടക്കം മൂര്‍ച്ഛിച്ചതോടെ മാപ്പ് പറഞ്ഞെത്തിയിരിക്കുകയാണിപ്പോള്‍ അദ്ദേഹം.

‘അണ്‍സ്റ്റോപ്പബിള്‍ വിത്ത് എന്‍ബികെ’ എന്ന പരിപാടിയിലായിരുന്നു വിവാദ പരാമര്‍ശം നടത്തിയത്. ഒരിക്കല്‍ തനിക്ക് ഒരപകടം പറ്റി ആശുപത്രിയില്‍ കിടക്കന്ന വേളയില്‍ തന്നെ പരിചരിക്കാന്‍ വന്ന നഴ്‌സിനെക്കുറിച്ച് ദാറ്റ് നഴ്‌സ് വാസ് സോ ഹോട്ട് എന്നായിരുന്നു ബാലകൃഷ്ണയുടെ പരാമര്‍ശം.

മാപ്പ് പറഞ്ഞുകൊണ്ടുള്ള ബാലകൃഷ്ണയുടെ പോസ്റ്റ്

രോഗികളെ സേവിക്കുന്ന സഹോദരിമാരോട് എനിക്ക് വളരെ ബഹുമാനമുണ്ട്. ബസവതാരകം കാന്‍സര്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ സേവനം ഞാന്‍ കണ്ടിട്ടുണ്ട്. അവരോട് എത്ര തവണ നന്ദി പറഞ്ഞാലും മതിയാകില്ല. നഴ്സുമാര്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി, രാപകല്‍ കൊവിഡ് രോഗികളെ സേവിക്കുന്നു. അങ്ങനെയുള്ള നഴ്സുമാരെ നമ്മള്‍ ആദരിക്കണം. എന്റെ വാക്കുകള്‍ നിങ്ങളുടെ വികാരങ്ങളെ ശരിക്കും വ്രണപ്പെടുത്തിയെങ്കില്‍ ഞാന്‍ അതില്‍ പശ്ചാത്തപിക്കുന്നു.

തെലുങ്കിലെ മുന്‍കാല സൂപ്പര്‍സ്റ്റാര്‍ അക്കിനേനി നാഗേശ്വര റാവുവിനെക്കുറിച്ച് ബാലകൃഷണ നടത്തിയ പരാമര്‍ശമായിരുന്നു ഇതിന് മുമ്പ് ചര്‍ച്ചയായത്. ഇതിനെതിരെ നടന്മാരായ നാഗചൈതന്യയും അഖില്‍ അക്കിനേനിയും രംഗത്തെത്തിയത് നടന് വന്‍ തിരിച്ചടിയായിരുന്നു.