' മമ്മൂട്ടിയുടെ നെഞ്ചില്‍ തല ചേര്‍ത്തു വെയ്ക്കണം'; സ്വര്‍ഗത്തില്‍ പോയതു പോലെയുണ്ടാവും: ശോഭ ഡേ

തനിക്ക് ഒരിക്കല്‍കൂടി ജീവിക്കാന്‍ അവസരം കിട്ടുകയാണെങ്കില്‍ മമ്മൂട്ടിയാവാനാണ് ആഗ്രഹിക്കുന്നതെന്ന് എഴുത്തുകാരി ശോഭാ ഡെ. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സ്വാതി നാഗരാജിനോട് സംസാരിക്കുകയായിരുന്നു ശോഭാ.

എന്ത് കൊണ്ടാണ് മമ്മൂട്ടിയെന്ന ചോദ്യത്തോട് താനദ്ദേഹത്തെ അത്രമേല്‍ ആരാധിക്കുന്നുവെന്നായിരുന്നു അവരുടെ മറുപടി. പഴയ സിനിമയിലാണ് മമ്മൂട്ടിയെ കണ്ടത്. അന്ന് തന്നെ അദ്ദേഹത്തെ വളരെയേറെ ഇഷ്ടമായി. ഞാന്‍ എന്നെങ്കിലും മമ്മൂട്ടിയെ നേരിട്ടുകാണുമായിരിക്കുമോ എന്ന് ഞാന്‍ എന്റെ ഭര്‍ത്താവിനോട് ചോദിച്ചിട്ടുണ്ട്.

ബോളിവുഡിലെയോ ഹോളിവുഡിലെയോ വേറൊരു നടനും പാറപോലുള്ള ഇത്രയും വിരിഞ്ഞ മാറിടമില്ല. പിന്നെ ശബ്ദവും കണ്ണുകളിലെ കരുണയും മൃദുലതയും പ്രകടനങ്ങളിലെ സാമര്‍ത്ഥ്യവും ശോഭാ ഡേ പറഞ്ഞു.

എന്നെങ്കിലും അദ്ദേഹത്തെ കാണുകയാണെങ്കില്‍ അര സെക്കന്‍ഡ് നേരത്തേക്ക് എങ്കിലും അദ്ദേഹത്തിന്റെ നെഞ്ചില്‍ തലചേര്‍ത്തുവെയ്ക്കണം. ഒരു മൈക്രോ സെക്കന്‍ഡ് നേരമാണെങ്കിലും മതി. സ്വര്‍ഗത്തില്‍ പോയതുപോലെയുണ്ടാവും ഞാന്‍ എന്റെ കുറ്റസമ്മതം നടത്തികഴിഞ്ഞു, ശോഭാ ഡേ കൂട്ടിച്ചേര്‍ത്തു.