അഹമ്മദാബാദില്‍ എയര്‍ഇന്ത്യ വിമാനാപകടം നടന്നസ്ഥലം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കും. ഇന്ന് പ്രധാനമന്ത്രി അപകടസ്ഥലം സന്ദര്‍ശിക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് സ്ഥിരീകരിച്ചു.
അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും പ്രധാനമന്ത്രി സന്ദര്‍ശിക്കും.
അതേസമയം, അപകടസ്ഥലം കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാ സന്ദര്‍ശിച്ചു. തകര്‍ന്നുവീണ എയര്‍ ഇന്ത്യ വിമാനത്തില്‍ ഒരു ലക്ഷം ലിറ്ററിലധികം ഇന്ധനമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
താപനില വളരെ ഉയര്‍ന്നതായതിനാല്‍ ആരെയും രക്ഷിക്കാന്‍ സാധ്യതയില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വളരെ പെട്ടെന്ന് തീപിടിക്കുന്ന ഇന്ധനത്തില്‍ നിന്നുള്ള അമിതമായ ചൂട് ഇല്ലായിരുന്നുവെങ്കില്‍ കൂടുതല്‍ ആളുകളെ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്നും രക്ഷാപ്രവര്‍ത്തനം കുറച്ചുകൂടി സുഗമമാകുമായിരുന്നുവെന്നും അമിത് ഷാ വ്യക്തമാക്കി.
അതേസമയം, അഹമ്മദാബാദ് വിമാനദുരന്തത്തില്‍ 265 പേരുടെ മരണം സ്ഥിരീകരിച്ചു. ലണ്ടനിലേക്ക് ഉച്ചയ്ക്ക് 1:39ന് പുറപ്പെട്ട എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് അക171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാളൊഴികെ 241 പേരും മരിച്ചു. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ വിശ്വാസ് കുമാര്‍ രമേഷ് മാത്രമാണ് രക്ഷപ്പെട്ടത്. എജര്‍ജന്‍സി എക്‌സിറ്റ് വഴിയാണ് വിശ്വാസ് കുമാര്‍ രക്ഷപ്പെട്ടത്. വിമാനം വീണ സ്ഥലത്ത് ഇരുപതിലേറെ പേര്‍ മരിച്ചെന്നാണ് വിവരം. അതില്‍ 5 എംബിബിഎസ് വിദ്യാര്‍ഥികളും ഒരു ഡോക്ടറും ഉള്‍പ്പെടും. രണ്ടു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ച് പേരെ കാണാതായി. അറുപതിലേറെ പേര്‍ക്ക് പരുക്കേറ്റു.
വിമാനത്തിലുണ്ടായിരുന്ന 230 യാത്രക്കാരില്‍ 169 പേര്‍ ഇന്ത്യന്‍ പൗരന്മാരാണ്. വിമാനത്തിലുണ്ടായിരുന്ന 61 വിദേശികളില്‍ 53 ബ്രിട്ടിഷ് പൗരന്മാരും 7 പോര്‍ച്ചുഗീസ് പൗരന്മാരും ഒരു കനേഡിയന്‍ പൗരനുമായിരുന്നു. യാത്രക്കാരില്‍ 11 കുട്ടികളും 2 കൈക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു. വിമാനത്തിലെ 12 ജീവനക്കാരില്‍ രണ്ടു പൈലറ്റുമാരും 10 കാബിന്‍ ക്രൂവുമായിരുന്നു. ഗുജറാത്ത് മുന്‍മുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മരിച്ചവരില്‍ യുകെയില്‍ നഴ്സായ പത്തനംതിട്ട സ്വദേശിനി രഞ്ജിത ജി. നായരുമുണ്ട്.
Read more
അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലെ ഗാറ്റ്വിക് രാജ്യാന്തര വിമാനത്താവളം ലക്ഷ്യമാക്കിയാണ് വിമാനം പറന്നുയര്‍ന്നത്. പറന്നുയര്‍ന്ന ശേഷം 32 സെക്കന്റിനുള്ളിലായിരുന്നു അപകടം. പറന്നുയര്‍ന്ന ഉടന്‍ പൈലറ്റുമാര്‍ അപകട സന്ദേശം അയച്ചു. എന്നാല്‍ പിന്നീട് സിഗ്‌നല്‍ ലഭിച്ചില്ല. വിമാനം 625 അടി ഉയരത്തില്‍ എത്തിയശേഷം തുടര്‍ന്നു പറക്കാനാവാതെ താഴ്ന്നുവന്നു മേഘനിനഗര്‍ ബി.ജെ.മെഡിക്കല്‍ കോളജിന്റെ ഹോസ്റ്റല്‍ മെസിനു മുകളില്‍ പതിച്ചു, തീഗോളമായി. ഇവിടെ വിമാനത്തിന്റെ വാലറ്റം കെട്ടിടത്തില്‍ കുടുങ്ങി. മുന്‍ഭാഗം തെറിച്ച് തൊട്ടടുത്തുള്ള കെട്ടിടസമുച്ചയത്തില്‍ ഇടിച്ച് പൊട്ടിത്തെറിച്ചു. ഈ കെട്ടിടം കത്തിനശിച്ചു. മേഘനിനഗറിലെ ജനവാസമേഖലയില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായി.