മോഹന്‍ലാലിന് ഫെഫ്ക സംവിധായക യൂണിറ്റില്‍ അംഗത്വം; ആദ്യ സിനിമയുടെ റിലീസിന് മുമ്പേ അംഗീകാരം

ഫെഫ്കയില്‍ അംഗത്വം നേടി മോഹന്‍ലാല്‍. താരം തന്നെയാണ് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയിലെ സംവിധായക യൂണിറ്റില്‍ അംഗത്വം ലഭിച്ച കാര്യം പങ്കുവച്ചത്. ഫെഫ്കയുടെ ചലച്ചിത്ര തൊഴിലാളി സംഗമത്തിലാണ് മോഹന്‍ലാലിന് അംഗത്വം അനുവദിക്കപ്പെട്ടത്.

സംവിധായകന്‍ സിബി മലയിലാണ് അംഗത്വം കൈമാറിയത്. എറണാകുളം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഇന്ന് ഫെഫ്കയുടെ തൊഴിലാളി സംഗമം നടന്നത്. സംഘടനയുടെ സ്വപ്നമായ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം ചടങ്ങില്‍ നിര്‍വഹിക്കപ്പെട്ടു.

വര്‍ഷത്തില്‍ മൂന്ന് ലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭിക്കുന്ന പദ്ധതിയാണിത്. ഒരാള്‍ക്ക് 3000 രൂപ മാത്രമാണ് പദ്ധതി തുകയ്ക്കായി വേണ്ടി വരിക. ഫെഫ്കയിലെ 21 യൂണിയനുകള്‍ ചേര്‍ന്നാണ് ഈ മഹാദൗത്യം നടപ്പിലാക്കുന്നത്.

അതേസമയം, ‘ബറോസ്’ ആണ് മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭം. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. സിനിമയുടെ റീ റെക്കോഡിങ് ജോലികള്‍ ലോസ് ആഞ്ജലീസിലാണ് നടന്നത്. ത്രീഡിയില്‍ അതിനൂതനമായ ടെക്നോളജികള്‍ ഉപയോഗിച്ചാണ് ഈ സിനിമ ഒരുക്കുന്നത്.

മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സിനിമയുടെ സംവിധായകന്‍ ജിജോ പുന്നൂസ് ആണ് ബറോസിനും തിരക്കഥ ഒരുക്കുന്നത്. 40 വര്‍ഷത്തിന് മുമ്പ് എത്തിയ മൈ ഡിയര്‍ കുട്ടിച്ചാത്തനില്‍ പ്രയോഗിച്ച ഗ്രാവിറ്റി ഇല്യൂഷന്‍ എന്ന ടെക്‌നിക് ബറോസിലും ഉപയോഗിച്ചിട്ടുണ്ട്.

2019ല്‍ പ്രഖ്യാപിച്ച ചിത്രം 2022ല്‍ റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പ്രചരിച്ച റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആ വര്‍ഷം ചിത്രം തിയേറ്ററുകളില്‍ എത്തിയില്ല. 2023ല്‍ സിനിമ റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയെങ്കിലും അതും നടന്നില്ല. ഈ വര്‍ഷം മെയ്യില്‍ സിനിമ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.