എന്റെ നിലപാട് ഞാന്‍ അങ്ങ് പറഞ്ഞേക്കാം..; ആര്‍എല്‍വി-സത്യഭാമ വിഷയത്തില്‍ പ്രതികരിച്ച് ഫഹദ് ഫാസില്‍

ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച സംഭവത്തില്‍ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ പ്രതികരിച്ച് നടന്‍ ഫഹദ് ഫാസില്‍. ‘ആവേശം’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം ആലുവ യുസി കോളേജില്‍ ഫഹദ് ഫാസിലും ടീമും എത്തിയിരുന്നു. ഇവിടെ വച്ചായിരുന്നു ഫഹദ് തന്റെ നിലപാട് വ്യക്തമാക്കിയത്.

ആവേശം സിനിമയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കിടെ ഒരു പെണ്‍കുട്ടിയാണ് സത്യഭാമയുടെ പരാമര്‍ശത്തോട് ഫഹദ് ഫാസില്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന് ചോദിച്ചത്. ”എന്റെ നിലപാട് ഞാന്‍ അങ്ങ് പറഞ്ഞേക്കാം, ഇനി ഇങ്ങനത്തെ ചോദ്യങ്ങള്‍ ചോദിക്കണ്ട. അവര്‍ ചെയ്തത് തെറ്റാണ്, പറഞ്ഞത് തെറ്റാണ്” എന്നായിരുന്നു ഫഹദിന്റെ പ്രതികരണം.

അതേസമയം, ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സത്യഭാമയുടെ വിവാദ പരാമര്‍ശം. ”മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാളെ കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. ഒരു പുരുഷന്‍ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു അരാജകത്വം വേറെയില്ല.”

”എന്റെ അഭിപ്രായത്തില്‍ ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍ പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല” എന്നായിരുന്നു സത്യഭാമയുടെ വിവാദ പ്രസ്താവന.

ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി പ്രമുഖര്‍ അടക്കം നിരവധി പേരാണ് രംഗത്തെത്തിയത്. സത്യഭാമയ്ക്ക് എതിരെ ആര്‍എല്‍വി രാമകൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ചാലക്കുടി ഡിവൈ.എസ്.പിയ്ക്കാണ് പരാതി നല്‍കിയത്. വ്യക്തിപരമായി അപമാനിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.