ഇന്ത്യന്‍ സിനിമകളോടുള്ള പ്രണയം.. ആമസോണ്‍ പ്രൈം ഒഴുക്കുന്നത് കോടികള്‍; 'കാന്താര 2' മുതലുള്ള സിനിമകളുടെ അവകാശം സ്വന്തമാക്കി!

ഇന്ത്യന്‍ സിനിമകള്‍ക്കായി പണം വാരിയെറിഞ്ഞ് ആമസോണ്‍ പ്രൈം. ഷൂട്ടിംഗ് ആരംഭിച്ച ബിഗ് ബജറ്റ് സിനിമകളുടെ സ്ട്രീമിംഗ് അവകാശമാണ് കോടികള്‍ മുടക്കി ആമസോണ്‍ പ്രൈം ഇപ്പോള്‍ നേടിയിരിക്കുന്നത്. കോളിവുഡ്, ടോളിവുഡ് സിനിമകളാണ് ആമസോണ്‍ പ്രൈം സട്രീമിംഗ് റൈറ്റ്‌സ് സ്വന്തമാക്കിയതില്‍ മുന്‍പന്തിയില്‍. ഇതിനൊപ്പം നിരവധി ബോളിവുഡ് സിനിമകളും പ്രൈം സ്വന്തമാക്കിയിട്ടുണ്ട്. കങ്കുവ, ഗെയിം ചെയ്ഞ്ചര്‍, കാന്താര 2 തുടങ്ങിയ തെന്നിന്ത്യയിലെ വമ്പന്‍ സിനിമകള്‍ പ്രൈമിലൂടെ റിലീസിനെത്തും. സ്ത്രീ 2, യോദ്ധ, ഭാഗി 4, ഹൗസ്ഫുള്‍ 5 എന്നീ ബോളിവുഡ് സിനിമകളും പ്രൈം സ്വന്തമാക്കിയിട്ടുണ്ട്.

കാന്താരയുടെ രണ്ടാം ഭാഗം ആമസോണ്‍ പ്രൈം വാങ്ങിയ വാര്‍ത്തയായിരുന്നു ആദ്യം പ്രേക്ഷകര്‍ അറിഞ്ഞത്. അടുത്ത വര്‍ഷം റിലീസിന് ഒരുങ്ങുന്ന സിനിമ വമ്പന്‍ തുകയ്ക്കാണ് ആമസോണ്‍ പ്രൈം വാങ്ങിയത്. ഋഷഭ് ഷെട്ടി ഒരുക്കുന്ന കാന്താരയുടെ രണ്ടാം ഭാഗം പ്രീക്വല്‍ ആയാണ് എത്തുന്നത്. ‘കാന്താര – എ ലെജന്‍ഡ് ചാപ്റ്റര്‍ 1’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ പഞ്ചുരുളിയുടെ ഉത്ഭവം മുതല്‍ എഡി 300-400 കാലഘട്ടത്തിലെ കഥയാണ് പ്രമേയമാക്കുന്നത്.

സൂര്യയെ നായകനാക്കി സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന സിനിമയാണ് കങ്കുവ. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയില്‍ യോദ്ധാവായാണ് സൂര്യ എത്തുന്നത്. ബോബി ഡിയോളാണ് സിനിമയില്‍ വില്ലനായി എത്തുന്നത്. ബോബി ഡിയോളിന്റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് കങ്കുവ. 38 ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക. വലിയൊരു തുകയ്ക്കാണ് കങ്കുവ ആമസോണ്‍ പ്രൈം സ്വന്തമാക്കിയത്.

രാം ചരണിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഗെയിം ചെയ്ഞ്ചര്‍’ ചിത്രത്തിന്റെ ഒ.ടി.ടി സ്ട്രീമിംഗ് അവകാശവും വന്‍ തുകയ്ക്കാണ് പ്രൈം നേടിയത്. കാര്‍ത്തിക് സുബ്ബരാജിന്റെ കഥയില്‍ ശങ്കര്‍ സംവിധാനം ചെയ്യുന്ന ഗെയിം ചെയ്ഞ്ചര്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കും. കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായിക. അഞ്ജലി, എസ്ജെ സൂര്യ, ജയറാം, നവീന്‍ ചന്ദ്ര, നാസര്‍, ശ്രീകാന്ത്, സുനില്‍, സമുദ്രക്കനി, രഘു ബാബു അടക്കമുളള താരങ്ങളും സിനിമയിലുണ്ട്.

തെലുങ്കിലെ പവര്‍സ്റ്റാര്‍ പവന്‍ കല്യാണിന്റെ രണ്ട് സിനിമകളാണ് ആമസോണ്‍ പ്രൈമില്‍ എത്തുക. ക്രിഷ് ജഗര്‍ലമുഡി സംവിധാനം ചെയ്യുന്ന പീരിയോഡിക് ചിത്രമായ ‘ഹരിഹര വീര മല്ലു’വിന്റെയും ഹരീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന പൊലീസ് ത്രില്ലര്‍ ചിത്രം ‘ഉസ്താദ് ഭഗത് സിങി’ന്റെയും സ്ട്രീമിംഗ് അവകാശം പ്രൈം വാങ്ങിക്കഴിഞ്ഞു.

വിജയ് ദേവരകൊണ്ടയും മൃണാള്‍ താക്കൂറും ഒന്നിക്കുന്ന ‘ഫാമിലി സ്റ്റാര്‍’, അനുഷ്‌ക ഷെട്ടി ചിത്രം ‘ഘാട്ടി’, തെലുങ്ക് ചിത്രം ‘ഓം ഭീം ബുഷ്’, നിതിന്‍ നായകനാകുന്ന ‘തമ്മുഡു’ എന്നീ തെന്നിന്ത്യന്‍ സിനിമകളും പ്രൈമില്‍ എത്തും.

ബോളിവുഡില്‍ നിന്നും ശ്രദ്ധ കപൂര്‍ ചിത്രം ‘സ്ത്രീ 2’, അജയ് ദേവ്ഗണ്‍, അക്ഷയ് കുമാര്‍, രണ്‍വീര്‍ സിംഗ്, ദീപിക പദുക്കോണ്‍ എന്നിവര്‍ ഒന്നിക്കുന്ന ‘സിങ്കം എഗെയ്ന്‍’, ഷാഹിദ് കപൂറിന്റെ ‘അശ്വത്ഥാമ’, കാര്‍ത്തിക് ആര്യന്‍ ചിത്രം ‘ചന്തു ചാംപ്യന്‍’, സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ ‘യോദ്ധ’, വിക്കി കൗശല്‍ ചിത്രം ‘ബാഡ് ന്യൂസ്’, അക്ഷയ് കുമാറിന്റെ ‘ഹൗസ്ഫുള്‍ 5’, ഷാഹിദ് കപൂര്‍-കൃതി സനോന്‍ ചിത്രം ‘തേരി ബാത്തോം മേ ഏയ്‌സാ ഉല്‍ജാ ദിയാ’, പൂജ ഹേഗ്‌ഡെ-അഹാന്‍ ഷെട്ടി ചിത്രം ‘സന്‍കി’, ടൈഗര്‍ ഷ്രോഫിന്റെ ‘ഭാഗി 4’ എന്നിവയാണ് പ്രൈം വാങ്ങിയ മറ്റ് സിനിമകള്‍.