'സർക്കാർ നടത്തിയ ഇടപെടൽ സദുദ്ദേശപരം, എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാനായിരുന്നു ശ്രമം'; കീം പരീക്ഷാഫലവുമായി ബന്ധപ്പെട്ട അപ്പീൽ തള്ളിയതിൽ മന്ത്രി ആർ ബിന്ദു

കീം പരീക്ഷാഫലവുമായി ബന്ധപ്പെട്ട സർക്കാർ അപ്പീൽ തള്ളിയതിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു. കീം പരീക്ഷാഫലവുമായി ബന്ധപ്പെട്ട് സർക്കാർ നടത്തിയ ഇടപെടൽ സദുദ്ദേശപരമാണെന്ന് മന്ത്രി പറഞ്ഞു. എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാൻ ആയിരുന്നു സർക്കാർ ശ്രമം. തന്റേതല്ലാത്ത കുറ്റം കൊണ്ട് ഒരു വിദ്യാർത്ഥിക്കും നഷ്ടങ്ങൾ ഉണ്ടാകരുതെന്ന് കരുതി ചെയ്തതാണെന്നും മന്ത്രി പറഞ്ഞു.

എല്ലാവശങ്ങളും പരിഗണിച്ചാണ് ശാസ്ത്രീയം എന്ന് പറയാവുന്ന ഫോർമുല അവലംബിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ ദിവസമായിരുന്നു കീം പരീക്ഷാഫലം ഹൈക്കോടതി റദ്ധാക്കിയത്. സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കിയശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജസ്റ്റീസ് ഡി കെ സിങ്ങിന്‍റേതാണ് ഉത്തരവ്. അതേസമയം കേരള സിലബസ് വിദ്യാർത്ഥികൾക്ക് ഇത് തിരിച്ചടിയാണ്.

പ്രോസ്പക്റ്റസിൽ വരുത്തിയ മാറ്റങ്ങൾ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഹൈക്കോടതി നടപടി. വെയിറ്റേജ് മാറ്റിയത് ശെരിയല്ലെന്ന് കോടതി വിലയിരുത്തി. സിബിഎസ്ഇ സിലബസിൽ പഠിക്കുന്ന പ്ലസ് ടു വിദ്യാർഥിനിയുടെ ഹർജിയിലാണ് ഹൈക്കോടതി നടപടി. മാർക്ക് ഏകീകരണത്തിനുള്ള പുതിയ സമവാക്യം മൂലം സിബിഎസ്ഇ വിദ്യാർഥികൾക്ക് മുൻപുണ്ടായിരുന്ന വെയ്‌റ്റേജ് നഷ്ടമായി എന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി നൽകിയിരുന്നത്. ഇതിലാണ് റാങ്ക് പട്ടിക പൂർണമായി റദ്ദാക്കാൻ ഹൈക്കോടതി തീരുമാനിച്ചിരിക്കുന്നത്.

എൻട്രൻസ് പരീക്ഷക്കും പ്ലസ്ടുവിനും ലഭിച്ച മാർക്ക് ഒരുമിച്ച് പരി​ഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയാറാക്കുന്നതെന്നാണ് സംസ്ഥാന സർക്കാർ നൽകിയ വിശദീകരണം. മുൻസമവാക്യ പ്രകാരം റാങ്ക് ലിസ്റ്റ് തയാറാക്കുമ്പോൾ കേരള സിലബസ് വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ വിദ്യാർത്ഥികളേക്കാൾ 15-20വരെ മാർക്ക് കുറയുന്നതായി പരാതി ഉയർന്നിരുന്നു. ഇത് പരിഹരിക്കുന്നതിനായി മാർക്ക് ഏകീകരിക്കുന്ന സമവാക്യത്തിലേക്ക് കടന്നതെന്ന് സർക്കാർ കോടതിയിൽ പറയുന്നത്. എന്നാൽ ഇത് കോടതി പരിഗണിച്ചിട്ടില്ല. സിബിഎസ്ഇ വിദ്യാർത്ഥികളുടെ ആശങ്കകൾ കോടതി പരിഗണിച്ചാണ് കീം പരീക്ഷാ ഫലം റദ്ദാക്കാൻ തീരുമാനിച്ചത്.

Read more