തൊണ്ട വരണ്ട് വെള്ളം കുടിക്കാന്‍ പരവേശം തോന്നി, പൃഥ്വിരാജ് ഇത്രയധികം കഷ്ടപ്പെടുമെന്ന് തോന്നിയിരുന്നില്ല..; 'ആടുജീവിതം' കണ്ട് കമല്‍ ഹാസന്‍

സംവിധായകന്‍ ബ്ലെസിക്കൊപ്പം ‘ആടുജീവിത’ത്തിന്റെ പ്രീമിയര്‍ ഷോ കണ്ട് കമല്‍ ഹാസനും മണിരത്‌നവും. ഒരു വീഡിയോ സന്ദേശത്തിലൂടെ കമല്‍ ഹാസന്‍ പൃഥ്വിരാജിനെയും ബ്ലെസിയെയും അഭിനന്ദിച്ചു കൊണ്ട് സംസാരിച്ചു. ഏറ്റവും മികച്ച സിനിമ ഒരുക്കാനുള്ള സംവിധായകന്റെ ദാഹമാണ് ഈ ചിത്രം കണ്ടപ്പോള്‍ തനിക്ക് മനസിലായതെന്നും ഇടവേള ആയപ്പോഴേക്കും തൊണ്ട വരണ്ടുപോയെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

”ഇത്രയും കഷ്ടപ്പെട്ട് ചെയ്ത് ഈ സിനിമ യാഥാര്‍ഥ്യമാക്കിയതിന് ഞാന്‍ ബ്ലെസിക്ക് നന്ദി പറയുന്നു. ഇതു ശരിക്കും ഒരു വ്യക്തിയുടെ ജീവിതത്തില്‍ സംഭവിച്ച കാര്യമാണെന്ന് ഓര്‍ക്കുമ്പോള്‍ തന്നെ ഞെട്ടിപ്പോവുകയാണ്. ബ്ലെസി എങ്ങനെ ഈ സിനിമ ചെയ്തു എന്ന് മണിരത്‌നം അദ്ഭുതത്തോടെ ചോദിച്ചു.”

”സിനിമയുടെ ഇടവേളയില്‍ തൊണ്ട വരണ്ട് വെള്ളം കുടിക്കാന്‍ പരവേശം അനുഭവപ്പെടുന്നത് പോലെ തോന്നി. വ്യത്യസ്തമായ ഒരു സിനിമ ചെയ്യാനുള്ള നിങ്ങളുടെ ദാഹം സിനിമയില്‍ പ്രകടമാകുന്നുണ്ട്. പൃഥ്വിരാജ് ഈ സിനിമയ്ക്ക് വേണ്ടി ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്.”

”ഇത്രയധികം അദ്ദേഹം ഒരു സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അദ്ദേഹം കുളിക്കുന്ന സീനൊക്കെ അത്രകണ്ട് യാഥാര്‍ഥ്യമായി തോന്നിപ്പോയി. ക്യാമറാമാന്‍ സുനില്‍ കെ.എസ്. ഈ സിനിമയ്ക്കു വേണ്ടി എത്രമാത്രം ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് സിനിമക്കാരായ ഞങ്ങള്‍ക്ക് മനസിലാകും.”

”പ്രേക്ഷകരും ഇതെല്ലാം മനസിലാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. വളരെ മികച്ച സിനിമയാണ് ആടുജീവിതം, പ്രിയപ്പെട്ട പ്രേക്ഷകരും ഈ സിനിമയെ പിന്തുണയ്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു” എന്നാണ് കമല്‍ഹാസന്‍ പറഞ്ഞത്. കമലിന്റെ വീഡിയോ പങ്കുവച്ച് ഈ വാക്കുകള്‍ തനിക്ക് ലഭിച്ച വലിയ പുരസ്‌കാരമാണ് എന്നാണ് കമല്‍ ഹാസന്‍ പറയുന്നത്.

Read more