ഗര്‍ഭിണി ആയതു മുതല്‍ സ്ഥാപനത്തില്‍ പോകാനായില്ല; ഓഡിറ്റിങ് നടത്താനൊരുങ്ങി പൊലീസ്

ദിയ കൃഷ്ണ നടത്തുന്ന സ്ഥാപനത്തില്‍ നിന്നും ജീവനക്കാര്‍ പണം തട്ടിയെന്ന പരാതിയില്‍ ഇരുവിഭാഗത്തിനെതിരെയും അന്വേഷണം തുടരുകയാണെന്ന് മ്യൂസിയം പൊലീസ്. ജൂണ്‍ 3ന് ആണ് ജീവനക്കാരികളായ വിനീത, ദിവ്യ, രാധാകുമാരി, വിനീതയുടെ ഭര്‍ത്താവ് ആദര്‍ശ് എന്നിവര്‍ക്കെതിരെ കൃഷ്ണകുമാര്‍ പരാതി നല്‍കിയത്.

സ്ഥാപനത്തിലെ ക്യുആര്‍ കോഡിന് പകരം ജീവനക്കാരികള്‍ സ്വന്തം അക്കൗണ്ടിന്റെ ക്യുആര്‍ കോഡ് നല്‍കി 69 ലക്ഷം തട്ടിപ്പ് നടത്തിയെന്നാണ് കേസ്. തങ്ങളെ തട്ടിക്കൊണ്ട് പോയി പണം തട്ടിയെടുത്ത് എന്നാരോപിച്ച് ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ കൃഷ്ണകുമാറിന്റെയും മകളുടെയും പേരിലും പൊലീസ് കേസ് എടുത്തിട്ടുണ്ട്.

സ്ഥാപനത്തില്‍ ഓഡിറ്റിങ് എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ പൊലീസ് ആവശ്യപ്പെടും. സംശയമുള്ളപക്ഷം സര്‍ക്കാര്‍തലത്തില്‍ ഓഡിറ്റിങ്ങിനുള്ള നടപടികള്‍ സ്വീകരിക്കും. കൃഷ്ണകുമാറിന്റെയും മകളുടെയും ജീവനക്കാരുടെയും അക്കൗണ്ടുകളും സിസിടിവി ദൃശ്യങ്ങളുമടക്കം പരിശോധിക്കും.

ദിയ ഗര്‍ഭിണിയായപ്പോള്‍ സ്ഥാപനത്തിലേക്ക് എന്നും പോകാന്‍ കഴിയാതെയായി. ജീവനക്കാരികള്‍ സ്ഥാപനത്തിന്റെ ക്യുആര്‍ കോഡ് തകരാറിലാണെന്ന് ധരിപ്പിച്ച് ഇടപാടുകാരില്‍ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് പണം വാങ്ങിക്കുകയായിരുന്നു എന്നാണ് കൃഷ്ണകുമാര്‍ പരാതിയില്‍ പറയുന്നത്.

അതേസമയം, ജീവനക്കാരികള്‍ കുറ്റം സമ്മതിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം ദിയയുടെ അമ്മ സിന്ധു കൃഷ്ണ പുറത്തുവിട്ടിരുന്നു. അഹാനയുടെ ചോദ്യം ചെയ്യലില്‍ തെറ്റ് പറ്റിപ്പോയി, പൊലീസിനോട് പറയരുതെന്ന് ജീവക്കാരികള്‍ അഭ്യര്‍ത്ഥിക്കുന്നത് കാണാം.