2023 ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയ തോൽപ്പിച്ചതിന് ഇന്ത്യൻ ടീം പിന്നീട് പകരം വീട്ടിയതിനെ കുറിച്ച് നായകൻ രോഹിത് ശർമ്മ. ഏകദിന ലോകകപ്പ് ഫൈനലിൽ ആറ് വിക്കറ്റിനാണ് ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ട്രാവിസ് ഹെഡ് പുറത്താവാതെ നേടിയ സെഞ്ച്വറിയുടെ പിൻബലത്തിലായിരുന്നു ഓസീസ് ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം മറികടന്നത്. അന്ന് ഫൈനൽ വരെ അപരാജിത കുതിപ്പ് നടത്തിയെങ്കിലും കലാശപോരാട്ടത്തിൽ മാത്രം ഇന്ത്യൻ ടീമിന് അടിപതറി. ലോകകിരീടം പ്രതീക്ഷിച്ച് അഹമ്മദാബാദിൽ എത്തിയ ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികളെ ഒന്നടങ്കം നിരാശരാക്കിയ നിമിഷം കൂടിയായിരുന്നു അന്ന് സംഭവിച്ചത്.
ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയ തോൽപ്പിച്ചതിന്റെ പ്രതികാരം ഇന്ത്യ വീട്ടിയത് പിന്നീട് 2024ൽ നടന്ന ടി20 ലോകകപ്പിലായിരുന്നു. സൂപ്പർ എട്ടിൽ നടന്ന പോരാട്ടത്തിൽ ഓസ്ട്രേലിയയെ 24 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. അന്ന് 92 റൺസോടെ ഇന്ത്യയുടെ ടോപ് സ്കോറർ ആയത് ക്യാപ്റ്റനായിരുന്ന രോഹിത് ശർമ്മയാണ്. സൂപ്പർ എട്ടിൽ ഇന്ത്യയ്ക്ക് പുറമെ അഫ്ഗാനിസ്ഥാനോടും തോറ്റതോടെ സെമി കാണാതെ ഓസ്ട്രേലിയ പുറത്താവുകയായിരുന്നു.
Read more
“2023 ഏകദിന ലോകകപ്പ് ഫൈനൽ നടന്ന നവംബർ 19 എന്ന ദിവസം തനിക്കും രാജ്യത്തിനും മറക്കാൻ കഴിയാത്തൊരു ദിനമായിരുന്നുവെന്ന് രോഹിത് ശർമ്മ പറയുന്നു. അന്ന് ഓസ്ട്രേലിയ ഇല്ലാതാക്കിയത് ഇന്ത്യൻ ടീമിന്റെയും രാജ്യത്തിന്റെ ഒട്ടാകെയും സ്വപ്നമായിരുന്നു. അതിനാൽ അവർക്ക് ഒരു തിരിച്ചടി നൽകണമെന്ന് മനസിൽ ഉറപ്പിച്ചിരുന്നു. ഇങ്ങനെയുളള കാര്യങ്ങൾ ഡ്രസിങ് റൂമിൽ വച്ച് ടീമംഗങ്ങൾ തമ്മിൽ ചർച്ച ചെയ്യാറുണ്ട്. ഈ മത്സരം നമ്മൾ ജയിച്ചാൽ ഓസ്ട്രേലിയ ഈ ടി20 ലോകകപ്പിൽ നിന്ന് പുറത്താകുമെന്ന് ഞങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്നു”, രോഹിത് വെളിപ്പെടുത്തി.