അവൻ ഇനിയെങ്കിലും കളിച്ചില്ലെങ്കിൽ ടീമിൽ നിന്ന് പുറത്താവും, ആ താരത്തിന്റെ പതനത്തിനായി കാത്തിരിക്കുന്നവരാണ് ഏറെയും, മുന്നറിയിപ്പുമായി മുൻ ക്രിക്കറ്റർ

ആദ്യ ടെസ്റ്റിൽ തിളങ്ങാതെ പോയതിൽ കരുൺ‌ നായരെ വിമർശിച്ച് മുൻ ഇന്ത്യൻ താരം വരുൺ ആറോൺ. ഇം​ഗ്ലണ്ടിനെതിരെ ആദ്യ ഇന്നിങ്സിൽ പൂജ്യത്തിന് പുറത്തായ കരുൺ രണ്ടാമിന്നിങ്സിൽ 20 റൺസ് മാത്രമെടുത്താണ് പുറത്തായത്. ക്രിക്കറ്റ് പ്രേമികളുടെ പ്രതീക്ഷകൾക്കൊത്ത് ആദ്യ ടെസ്റ്റിൽ താരം ഉയർന്നില്ലെന്ന് വരുൺ ആറോൺ കുറ്റപ്പെടുത്തി. ആഭ്യന്തര ക്രിക്കറ്റിൽ വിദർഭ ടീമിനായി നടത്തിയ ശ്രദ്ധേയ പ്രകടനത്തെ തുടർ‌ന്നായിരുന്നു കരുൺ ഇന്ത്യൻ ടീമിൽ‌ എത്തിയത്. എന്നാൽ‌ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുളള തിരിച്ചുവരവ് ​ഗംഭീരമാക്കാൻ കരുൺ നായർക്ക് സാധിച്ചില്ല.

ആദ്യ ടെസ്റ്റിൽ ഇം​ഗ്ലണ്ടിനെതിരെ ഇന്ത്യൻ ടീം നടത്തിയ പ്രകടനം വിലയിരുത്തിയാണ് വരുൺ ആറോൺ എത്തിയത്. ശുഭ്മൻ‌ ​ഗിൽ, കെഎൽ രാഹുൽ, റിഷഭ് പന്ത് എന്നീ താരങ്ങൾ അവരെ ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ നന്നായി ചെയ്തുവെന്ന് വരുൺ പറയുന്നു. ഇവരുടെയെല്ലാം ബാറ്റിങ് മികവ് എടുത്തുപറഞ്ഞായിരുന്നു അദ്ദേഹം സംസാരിച്ചത്.

“തുടർച്ചയായ രണ്ട് സെഞ്ച്വറി നേടി വൈസ് ക്യാപ്റ്റൻ‌സിക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് റിഷഭ് പന്ത് കാണിച്ചുതന്നു. പക്ഷേ മധ്യനിര കൂടുതൽ മികച്ചതാവേണ്ടതുണ്ട്. കരുൺ നായർ നിരാശപ്പെടുത്തി. വലിയ പ്രതീക്ഷകളോടെയാണ് അദ്ദേഹം കളത്തിലിറങ്ങിയത്. എന്നാൽ ലഭിച്ച അവസരം നന്നായി വിനിയോ​ഗിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. അടുത്ത ടെസ്റ്റിൽ എങ്കിലും കുറച്ച് റൺസ് നേടാൻ കരുൺ ശ്രമിക്കുമെന്ന് കരുതുന്നു”, വരുൺ ആറോൺ കൂട്ടിച്ചേർത്തു.