തന്റെ ക്രിക്കറ്റ് കരിയറിലെ എറ്റവും പ്രയാസമേറിയ ഘട്ടത്തെ കുറിച്ച് തുറന്നുപറഞ്ഞ് ഇന്ത്യൻ താരം പൃഥ്വി ഷാ. മോശം ഫോം കാരണം ഇന്ത്യൻ ടീമിൽ നിന്നും ഐപിഎല്ലിൽ നിന്നും വരെ 25കാരനായ താരം ഒഴിവാക്കപ്പെട്ടിരുന്നു. വ്യക്തിജീവിതത്തിൽ എടുത്ത ചില തെറ്റായ തീരുമാനങ്ങൾ കാരണമാണ് ക്രിക്കറ്റിനോടുളള തന്റെ താൽപര്യം കുറഞ്ഞതെന്ന് പൃഥ്വി ഷാ വെളിപ്പെടുത്തി. തെറ്റായ ആളുകളുമായി കൂട്ടുകൂടിയതോടെ തന്റെ ശ്രദ്ധ ക്രിക്കറ്റിൽ നിന്നും മാറി പൂർണമായും പുറത്ത് ചെലവഴിക്കുന്നതിലേക്ക് ആയി മാറിയെന്നും ഷാ പറഞ്ഞു.
“എന്താണ് സംഭവിച്ചതെന്ന് എനിക്ക് മാത്രമേ അറിയൂ. ജീവിതത്തിൽ നിരവധി തെറ്റായ തീരുമാനങ്ങൾ താൻ എടുത്തിട്ടുണ്ട്. ഒരു ഘട്ടത്തിൽ ക്രിക്കറ്റിനായി ഞാൻ കുറച്ച് സമയം മാത്രമാണ് ചെലവഴിച്ചതെന്ന് എനിക്ക് തോന്നുന്നു. മുമ്പ്, മൂന്നോ നാലോ മണിക്കൂർ വരെ നെറ്റ്സിൽ താൻ ബാറ്റ് ചെയ്യാറുണ്ടായിരുന്നു, 2023 വരെ എന്റെ ദിവസത്തിന്റെ പകുതിയും ഗ്രൗണ്ടിൽ ചെലവഴിക്കുമായിരുന്നു, എന്നാൽ അതിനുശേഷം, അത്ര പ്രധാനമല്ലാത്ത കാര്യങ്ങൾ ഞാൻ പരിഗണിക്കാൻ തുടങ്ങി. ചില തെറ്റായ സുഹൃത്തുക്കളെ ഞാൻ ഉണ്ടാക്കി, അവർ എന്നെ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുപോകാൻ തുടങ്ങി. ആ സമയത്ത് ഒന്നും എന്റെ നിയന്ത്രണത്തിൽ അല്ലായിരുന്നു”, പൃഥ്വി ഷാ പറയുന്നു.
Read more
“എന്നാൽ ഇപ്പോൾ സൗഹൃദങ്ങളിൽ നിന്നും മറ്റ് പലതിൽ നിന്നും ഞാൻ അകലം പാലിച്ചിരിക്കുകയാണ്. കുറച്ചുനാളുകളായി പുറത്തുപോകാൻ പോലും ഇഷ്ടമല്ല. പാപ്പരാസികൾ അവിടെയുണ്ട്. നിങ്ങൾ ഒരു സാധാരണ റെസ്റ്റോറന്റിൽ പോയാലും അവർ അവിടെയുണ്ട്. എന്നെക്കുറിച്ചുള്ള ഇപ്പോഴത്തെ കാഴ്ചപ്പാട് ഞാൻ എപ്പോഴും പുറത്താണ് എന്നതാണ്. പക്ഷേ അത് ഒരു കുടുംബ അത്താഴത്തിന് വന്നതാണെന്നോ അതോ ഞാൻ പരിശീലനത്തിനായി പുറത്തുവന്നതാണെന്നോ എന്നൊന്നും അവർ നോക്കുന്നില്ല”, ഷാ കൂട്ടിച്ചേർത്തു.