ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നതിന് തൊട്ടുംമുൻപ് ടീമിൽ ഉൾപ്പെടുത്തിയ പേസർ ഹർഷിത് റാണയെ ഒഴിവാക്കി ബിസിസിഐ. രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നതിന് മുൻപാണ് അപ്രതീക്ഷിതമായി ഹർഷിതിനെ ഒഴിവാക്കിയിരിക്കുന്നത്. ഹർഷിത് രണ്ടാം ടെസ്റ്റിനുളള ഇന്ത്യൻ ടീമിന്റെ ഭാഗമാകില്ലെന്നാണ് ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ഹർഷിതിനെ നാട്ടിലേക്ക് മടക്കി അയച്ചതെന്ന് പരിശീലകൻ ഗൗതം ഗംഭീർ പറഞ്ഞു.
‘ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യസെലക്ടറുമായി ഞാൻ സംസാരിച്ചിരുന്നു. ചില ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഹർഷിതിനെ തിരിച്ചയച്ചിരിക്കുന്നു. മറ്റ് പ്രശ്നങ്ങൾ ഇന്ത്യൻ ടീമിലില്ല. ഇന്ത്യൻ ടീം ഒരുമിച്ചാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.’ ഗംഭീർ പ്രതികരിച്ചു. എഡ്ജ്ബാസ്റ്റണിൽ വച്ചാണ് ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അടുത്ത മത്സരം നടക്കുക.
Read more
നേരത്തെ ഇംഗ്ലണ്ട് ലയൺസിനെതിരായ രണ്ട് അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങൾക്കുളള ഇന്ത്യ എ ടീമിൽ ഹർഷിത് റാണ ഉണ്ടായിരുന്നു. എന്നാൽ പരമ്പരയിൽ കാര്യമായ പ്രകടനമൊന്നും നടത്താൻ താരത്തിന് സാധിച്ചില്ല. എന്നിട്ടും ഇന്ത്യൻ ടീമിൽ ഹർഷിതിനെ ഉൾപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. ഹർഷിതിനേക്കാൾ നന്നായി മികച്ച ബോളിങ് പ്രകടനം കാഴ്ചവച്ചവർ ഉണ്ടെന്നിരിക്കെ അവരെ മറികടന്ന് സ്റ്റാർ പേസറെ ഇന്ത്യൻ ടീമിൽ എടുത്തതിനായിരുന്നു വിമർശനം.