ബൈക്ക് സ്റ്റണ്ടിനിടെ അജിത്തിന് പരിക്ക്; ‘വലിമൈ’ ചിത്രീകരണത്തിനിടെ പരിക്കേല്‍ക്കുന്നത് രണ്ടാം തവണ

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ അജിത്തിന് പരിക്ക്. ‘വലിമൈ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് താരത്തിന് പരിക്കേറ്റത്. ബൈക്ക് സ്റ്റണ്ട് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. അജിത്തിന്റെ കൈയ്ക്കും കാലിനും പരിക്കേറ്റു എന്നാണ് പിങ്ക്‌വില്ല റിപ്പോര്‍ട്ടു ചെയ്യുന്നത്. കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച വലിമൈയുടെ ഷൂട്ടിംഗ് പുനരാരംഭിച്ചിരുന്നു.

അജിത്തിന് പരിക്കു പറ്റിയതോടെ ഹൈദരാബാദില്‍ നടക്കുന്ന ചിത്രീകരണം ഒരു മാസത്തേക്ക് കൂടി നീട്ടി എന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലും ഇതേ ചിത്രത്തിന്റെ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ താരം അപകടത്തില്‍ പെട്ടിരുന്നു. ബൈക്കുകളോട് പ്രിയമുള്ള അജിത്ത് ഡ്യൂപ്പുകളില്ലാതെയാണ് റേസിംഗ് സീനുകളില്‍ എത്താറുള്ളത്.

എച്ച്. വിനോദ് ഒരുക്കുന്ന ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് അജിത്ത് വേഷമിടുന്നത്. നേര്‍ക്കൊണ്ട പാര്‍വൈ എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം അജിത്തും എച്ച്. വിനോദും നിര്‍മ്മാതാവ് ബോണി കപൂറും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വലിമൈ.

ഹിന്ദിയിലും തമിഴിലും മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിലും ചിത്രം മൊഴിമാറ്റം ചെയ്ത് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബോളിവുഡ് താരം ഹുമ ഖുറേഷിയാണ് ചിത്രത്തില്‍ നായിക. യുവന്‍ ശങ്കര്‍ രാജ സംഗീതവും നീരവ് ഷാ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.