ഷാർജയിൽ കുഞ്ഞിനെ കൊലപ്പെടുത്തി കൊല്ലം സ്വദേശിയായ യുവതി ആത്മഹത്യചെയ്തു സംഭവത്തിൽ യുവതിയുടെ ശബ്ദ സന്ദേശം പുറത്ത്. കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനിൽ വിപഞ്ചിക മണിയൻ (33), മകൾ വൈഭവി നിധീഷ് (ഒന്നര) എന്നിവരെയാണ് അൽ നഹ്ദയിലെ താമസസ്ഥലത്ത് കഴിഞ്ഞ ദിവസം മരിച്ചനിലയിൽ കണ്ടത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
സംഭവത്തിൽ ഭർതൃപീഡനത്തെ തുടർന്നാണ് വിപഞ്ചിക ആത്മഹത്യ ചെയ്‌തതെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട വിപഞ്ചികയുടെ ശബ്ദ സന്ദേശവും കുടുംബം പുറത്ത് വിട്ടു. മരണത്തിൽ ദുരൂഹത ആരോപിച്ച് യുഎഇ എംബസി, മുഖ്യമന്ത്രി, സിറ്റി പോലീസ് കമ്മിഷണർ എന്നിവർക്ക് കുടുംബം പരാതി നൽകി.
‘അച്ഛന് കുറേ കാശ് വേണം, വലിയ വണ്ടി വേണം, വലിയ ഫ്ളാറ്റ് വേണം സുഖിക്കണം. മകൾക്ക് ഒരു ബോഡി ഗാർഡിനേയും വേണം. എന്റെ ലോക്കറിന്റെ കീ അയാളുടെ കൈയിലായിരുന്നു. അത് ഞാൻ വാങ്ങിച്ചു. സ്വർണം ഞാൻ കൊടുത്തിട്ടില്ല. എനിക്ക് നിധീഷ് ഒന്നും വാങ്ങിച്ച് തരാൻ പാടില്ല, എന്നെ എങ്ങോട്ടും കൊണ്ടുപോകാൻ പാടില്ല. ഇത് എന്റെ ഭാര്യാണ്, എൻ്റെ കുഞ്ഞാണ് എന്ന ചിന്ത നിധീഷിനില്ല. സ്വയം അടിച്ച് പൊളിച്ച് നടക്കണം. ദിവസങ്ങൾ കഴിഞ്ഞ് വീട്ടിലെത്തണം. കുഞ്ഞ് ആയതിന് മുമ്പ് ഇത്രയും പ്രശ്‌നം ഉണ്ടായിരുന്നില്ല. വീട്ടുകാരുടെ പ്രശ്‌നം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുഞ്ഞായതിന് ശേഷം അവനുംകൂടെ ചേർന്നു’ പുറത്ത് വന്ന ശബ്ദ സന്ദേശത്തിൽ വിപഞ്ചിക പറയുന്നു.
ദുബായിലെ ഒരു സ്വകാര്യസ്ഥാപനത്തിൽ ഫയലിങ് ക്ലാർക്കായിരുന്നു വിപഞ്ചിക. ദുബായിൽത്തന്നെ ജോലിചെയ്യുന്ന കോട്ടയം നാൽക്കവല സ്വദേശി നിധീഷ് വലിയവീട്ടിലാണ് ഭർത്താവ്. ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നാണ് വിവരം. ഏഴുവർഷമായി വിപഞ്ചിക യുഎഇയിലാണ് ജോലിചെയ്യുന്നത്. നാലരവർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹമോചനത്തിനായി ഇരുവരും നിയമനടപടികൾ ആരംഭിച്ചിരുന്നു. അതിനിടയിലാണ് കുഞ്ഞിനെ കൊലപ്പെടുത്തി വിപഞ്ചിക ആത്മഹത്യാ ചെയ്തത്.