സലീമേട്ടന്‍ ഇല്ലാതെ ഒന്നും എഴുതിയിട്ടില്ല, എന്നാല്‍ ശാരീരിക അസ്വസ്ഥകള്‍ കൊണ്ട് ആ സിനിമയിലെ വേഷം അദ്ദേഹത്തിന് ചെയ്യാന്‍ പറ്റിയില്ല: വിഷ്ണു ഉണ്ണികൃഷ്ണന്‍

ആദ്യമായി എഴുതിയ തിരക്കഥയില്‍ സലിം കുമാറിനായി ഒരു മികച്ച വേഷം മാറ്റി വച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് സാധിച്ചില്ലെന്ന് വിഷ്ണു ഉണ്ണികൃഷ്ണന്‍. നാദിര്‍ഷ സംവിധാനം ചെയ്ത ‘അമര്‍ അക്ബര്‍ അന്തോണി’ ചിത്രത്തിലെ വേഷത്തെ കുറിച്ചാണ് വിഷ്ണു മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചത്.

വിഷ്ണു ഉണ്ണിക്കൃഷ്ണന്‍-ബിബിന്‍ ജോര്‍ജ് ടീം ആദ്യമായി തിരക്കഥയെഴുതിയ ചിത്രം കൂടിയാണ് അമര്‍ അക്ബര്‍ അന്തോണി. ഈ സിനിമയില്‍ സലീമേട്ടന് നല്ലൊരു വേഷം എഴുതിയിരുന്നു. അന്ന് പക്ഷേ അദ്ദേഹത്തിന്റെ ശാരീരിക അസ്വസ്ഥതകള്‍ വെച്ച് ചെയ്യാന്‍ പറ്റാതാവുകയായിരുന്നു.

ആ വേഷമാണ് പിന്നീട് സാജു നവോദയ ചെയ്ത ദുരന്തം പറയുന്ന കഥാപാത്രം. രണ്ടാമത്തെ തിരക്കഥ എഴുതിയപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയൊക്കെ ശരിയായി. അതാണ് കട്ടപ്പനയിലെ ഋത്വിക് റോഷനില്‍ ചെയ്തത്. യമണ്ടന്‍ പ്രേമകഥയിലും നല്ലൊരു വേഷമായിരുന്നു. പുതുതായി എഴുതിയ തിരക്കഥയിലും ഉഗ്രന്‍ വേഷമാണ് സലീമേട്ടന്.

തങ്ങളുടെ ആദ്യ തിരക്കഥ മുതല്‍ സലീമേട്ടന്‍ ഇല്ലാതെ ഒന്നും എഴുതിയിട്ടില്ല. തനിക്ക് വളരേക്കാലം മുതല്‍ തന്നെ സലീമേട്ടനെ അറിയാം. തന്റെ തുടക്കസമയത്ത് വര്‍ഷത്തിലൊരിക്കല്‍ ഒരു സീന്‍ അല്ലെങ്കില്‍ ഒരു ഷോട്ട് ഒക്കെയാണ് കിട്ടാറുണ്ടായിരുന്നത്. അതെല്ലാം സലീമേട്ടന്റെ കൂടെ ആയിരുന്നചതിനാല്‍ ശ്രദ്ധിക്കപ്പെട്ടുവെന്നും വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.