കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

മലയാള സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളാണ് സിബി
മലയിൽ. തനിയാവർത്തനം, കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ഭാരതം, സദയം, കമലദളം, ആകാശദൂത്, ചെങ്കോൽ, സമ്മർ ഇൻ ബത്ലഹേം തുടങ്ങീ നിരവധി മികച്ച സിനിമകളാണ് സിബി മലയിൽ മലയാളത്തിന് സമ്മാനിച്ചത്.

ഫാസിലിന്റെയും പ്രിയദർശന്റെയും സഹസംവിധായകനായി പ്രവർത്തിച്ചുകൊണ്ടാണ് സിനിമയിലേക്ക് സിബി മലയിൽ കടന്നു വരുന്നത്. 1985 ൽ പുറത്തിറങ്ങിയ ‘മുത്താരംകുന്ന് പി. ഒ’ ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ആസിഫ് അലിയെ നായകനായെത്തിയ ‘കൊത്ത്’ എന്ന ചിത്രമാണ് സിബി മലയിലിന്റെ അവസാനമിറങ്ങിയ ചിത്രം.

മലയാളത്തിലെ തന്നെ മികച്ച സിനിമകളിലൊന്നാണ് സിബി മലയിൽ- എം. ടി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം സദയം. മോഹൻലാലിന്റെ അഭിനയജീവിതത്തിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് സദയത്തിലെ സത്യനാഥൻ എന്ന കഥാപാത്രം. 1992-ൽ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം എം. ടിക്ക് നേടികൊടുത്ത ചിത്രം കൂടിയാണ് സദയം.

ചിത്രത്തിന്റെ ഫൈനൽ എഡിറ്റ് എം. ടിയെ കാണിക്കാൻ ടെൻഷനോടെയാണ് താൻ നിന്നതെന്നും എന്നാൽ പടം കണ്ട ശേഷം അദ്ദേഹം ചിരിക്കുകയാണ് ചെയ്തതെന്നും സിബി മലയിൽമുൻപൊരിക്കൽ പറഞ്ഞിരുന്നു. കൂടാതെ എം. ടിയുടെ എഴുത്തിന് മുകളിൽ ഒരു സിനിമ പോയിട്ടുണ്ടെങ്കിൽ അത് സദയമാണെന്ന് എംടി പറഞ്ഞതായി താൻ കേട്ടിരുന്നുവെന്നും, അത് തനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമാണെന്നും സിബി മലയിൽ അടുത്തിടെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് സിബി മലയിൽ. കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അതെന്നാണ് സിബി മലയിൽ പറയുന്നത്. മോഹൻലാൽ എന്ന നടന്റെ മുഴുവൻ ഇൻപുട്ടും അതിലുണ്ടെന്നാണ് സിബി മലയിൽ പറയുന്നത്.

“കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്. ആ ഷോട്ട് ഞാൻ എടുത്തിരിക്കുന്നത് ക്ലോസ് ആയിട്ടാണ്. അയാൾ കരഞ്ഞു കൊണ്ട് താഴേക്ക് ഇരിക്കുമ്പോൾ അയാളുടെ കൂടെ തന്നെ ക്യാമറയും താഴേക്ക് വരുകയാണ്. അതൊരു ചെറിയ ക്രയിൻ വെച്ചാണ് ഷൂട്ട് ചെയ്തത്.

ഒരു ഹെവി ആയിട്ടുള്ള സീനാണ് എടുക്കുന്നത്. അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല. കാരണം അയാളുടെ മുഴുവൻ ഇൻപുട്ടുമുള്ള ഷോട്ടാണ് അയാൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഞങ്ങളുടെ ഒരു ടെക്നിക്കൽ ഇറർ കൊണ്ട് രണ്ടാമതൊരു ഷോട്ട് എടുക്കാൻ ഇടയുണ്ടാവരുതെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു.

ക്യാമറമാനെ ഞങ്ങൾ അത് ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇയാൾ എപ്പോഴാണ് താഴേക്ക് ഇരിക്കാൻ പോകുന്നതെന്ന് അറിയില്ല. സത്യത്തിൽ നമ്മൾ ക്യാമറയുടെ പുറകിലാണ് ഉള്ളതെന്ന് മറന്നിട്ട് മോഹൻലാലിൻ്റെ മുഖം കണ്ട് അമ്പരന്ന് നിന്ന് പോവുകയാണ്.” എന്നാണ് ദി ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സിബി മലയിൽ പറഞ്ഞത്.

Read more