കമല്‍ഹാസന്‍ എന്ന പേര് എനിക്ക് ബാദ്ധ്യതയാണ്, അച്ഛന്റെ പേര് ഡോ. രാമചന്ദ്രന്‍ എന്നാണ് പറഞ്ഞിരുന്നത്: ശ്രുതി ഹാസന്‍

അച്ഛന്റെ പേരില്‍ അറിയപ്പെടാന്‍ താത്പര്യമില്ലെന്ന് തുറന്നു പറഞ്ഞ താരപുത്രിയാണ് ശ്രുതി ഹാസന്‍. കമല്‍ഹാസനും സരികയും വേര്‍പിരിഞ്ഞതിന് പിന്നാലെ ഇന്‍ഡിപെന്‍ഡന്റ് ആയാണ് ശ്രുതി വളര്‍ന്നത്. സ്‌കൂള്‍ കാലം മുതല്‍ കമല്‍ഹാസന്‍ എന്ന പേര് ബാദ്ധ്യത ആയതിനാല്‍ അച്ഛന്റെ പേര് ഡോ. രാമചന്ദ്രന്‍ എന്നാണ് പറഞ്ഞിരുന്നത് എന്നാണ് ശ്രുതി പറയുന്നത്.

21-ാം വയസിലാണ് അച്ഛന്റെ വീട്ടില്‍ നിന്നും ഇറങ്ങിയത്. അന്ന് മുതല്‍ തന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള പണം കണ്ടെത്തുന്നത് താന്‍ തന്നെയാണ്. അങ്ങനെ ഒരു സാഹചര്യത്തില്‍ സാധാരണക്കാരെ പോലെ തന്നെ കൈയ്യില്‍ പണം തീരെ ഇല്ലാതായ അവസ്ഥകളൊക്കെ ഉണ്ടായിട്ടുണ്ട്.

സഹായത്തിന് വേണമെങ്കില്‍ അച്ഛനോട് ചോദിക്കാമായിരുന്നു എന്നാല്‍ ചോദിച്ചിട്ടില്ല. സ്‌കൂള്‍ കാലം മുതല്‍ താരപുത്രി, കമല്‍ ഹാസന്റെ മകള്‍ എന്ന ലേബല്‍ ബാധ്യതയായിരുന്നു. മുംബൈയിലാണ് പഠിച്ചതൊക്കെ. അച്ഛന്റെ പേര് ഡോ. രാമചന്ദ്രന്‍ എന്നാണ് എല്ലാവരോടും പറഞ്ഞത്.

തന്റെ പേര് പൂജ രാമചന്ദ്രന്‍ ആണെന്നും പറഞ്ഞു. തന്നെ കണ്ട് പലരും ഏതെങ്കിലും പ്രശസ്ത നടന്റെ മകളാണോ എന്ന് പലരും ചോദിച്ചിരുന്നു. അല്ല അച്ഛന്‍ ഡോക്ടറാണ്, ചെന്നൈയിലാണ് വര്‍ക്ക് ചെയ്യുന്നത് എന്നാണ് പറഞ്ഞിരുന്നത്.

ആദ്യ സിനിമ വരെ ആ കള്ളം താന്‍ പറഞ്ഞിരുന്നു എന്നാണ് ശ്രുതി ഹാസന്‍ ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, ‘സലാര്‍’ എന്ന സിനിമയാണ് ശ്രുതിയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായിക ആയാണ് ശ്രുതി എത്തുക.