നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ ആറു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണമെന്ന് ആവശ്യപ്പെടാൻ പ്രോസിക്യൂഷൻ. ശിക്ഷിക്കപ്പെട്ട മുഴുവൻ പ്രതികൾക്കും പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെടും. സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണമെന്ന് വിചാരണക്കോടതിയെ അറിയിക്കും.
വെളളിയാഴ്ച കോടതി പരിഗണിക്കുമ്പോൾ പ്രോസിക്യൂഷൻ ഇക്കാര്യം ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്. ബലാത്സംഗക്കുറ്റം എല്ലാവർക്കുമെതിരെ തെളിഞ്ഞിട്ടുണ്ട്. കൃത്യത്തിൻ്റെ ഗ്രാവിറ്റി നോക്കി ശിക്ഷ വിധിക്കരുത്. എല്ലാവരും ഒരുപോലെ കുറ്റക്കാരാണെന്നും സമൂഹത്തിന് മുഴുവൻ ഭീഷണിയാവുന്നതാണ് പ്രതികളുടെ പശ്ചാത്തലമെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
മുൻപും പ്രതികൾ സമാനമായ കുറ്റകൃത്യത്തിന് ശ്രമം നടത്തിയിട്ടുണ്ട്. ഇത്തരം സാഹചര്യത്തിൽ പരമാവധി ശിക്ഷയായ ജീവപര്യന്തം ഉറപ്പാക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും. എന്നാൽ പ്രതിഭാഗത്തിൻ്റെ വാദം കൂടി കേട്ടുകൊണ്ടായിരിക്കും പ്രോസിക്യൂഷൻ ഇക്കാര്യം ആവശ്യപ്പെടുക. നടിയെ ആക്രമിച്ച കേസിൽ ഒന്ന് മുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്.







