നടിയെ ആക്രമിച്ച കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ അഭിപ്രായം പ്രകടനം നിരുത്തരവാദിത്തപരമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. എതിരാളികൾക്ക് അടിക്കാൻ ഒരു വടി കൊടുത്തത് പോലെയായിരുന്നു അടൂർ പ്രകാശിൻ്റെ പ്രതികരണമെന്ന് പറഞ്ഞ കെ മുരളീധരൻ പോളിങിനെ ബാധിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
എന്തുകൊണ്ടാണ് അരൂർ അങ്ങനെ പറഞ്ഞതെന്ന് മനസ്സിലാകുന്നില്ലെന്നും കെ മുരളീധരൻ പറഞ്ഞു. അദ്ദേഹം അത് ചെയ്യരുതായിരുന്നു. അദ്ദേഹത്തോട് ഇത് പറഞ്ഞ് മനസ്സിലാക്കേണ്ട ആവശ്യം ഇല്ലെന്നും 10-50 വർഷത്തെ രാഷ്ട്രീയ പാരമ്പര്യം ഉണ്ടല്ലോയെന്നും മുരളീധരൻ ചോദിച്ചു. പാർട്ടി കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടത് കെപിസിസി പ്രസിഡൻ്റ് ആണ്. അത് പാർട്ടി നയമാണെന്നും കെ മുരളീധരൻ വ്യക്തമാക്കി.
നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയില്‍ നടന്‍ ദിലീപിനെ പിന്തുണച്ചായിരുന്നു അടൂർ പ്രകാശിന്റെ പ്രസ്താവന. എന്നാൽ പ്രസ്താവന വിവാദമായതോടെ തിരുത്തി അടൂർ പ്രകാശ് രംഗത്തെത്തി. കെപിസിസിയുടെ നിര്‍ദേശപ്രകാരമാണ് അടൂര്‍ പ്രകാശ് പ്രസ്താവന തിരുത്തിയതെന്നാണ് വിവരം. അനാവശ്യ വിവാദം വേണ്ടെന്നായിരുന്നു നിര്‍ദേശം. കെപിസിസി പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അടൂര്‍ പ്രകാശിന്റെ വിശദീകരണം.
താന്‍ എന്നും അതിജീവിതക്കൊപ്പമെന്ന് പറഞ്ഞ അടൂര്‍ പ്രകാശ് മാധ്യമങ്ങള്‍ നല്‍കിയത് ഒരു വശം മാത്രമെന്ന് വിമര്‍ശിച്ചു പിടിച്ചു നില്‍ക്കാനാണ് ശ്രമിച്ചത്. തന്റെ പ്രസ്താവനയെ വളച്ചൊടിച്ചെന്നും പറഞ്ഞാണ് അടൂര്‍ പ്രകാശ് രാവിലത്തെ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ മാധ്യമങ്ങളെ വീണ്ടും കണ്ടു ന്യായീകരിച്ചത്. അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന് തന്നെയാണ് താന്‍ പറഞ്ഞതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.







