ശബരിമല സ്വർണക്കൊള്ളയിൽ കേസ് രേഖകൾ ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. ഈ മാസം 17 ന് കൊല്ലം വിജിലൻസ് കോടതി അപേക്ഷ പരിഗണിക്കും. സ്വർണ്ണക്കൊള്ളയിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ് എഫ്ഐആറും റിമാൻഡ് റിപ്പോർട്ടും മൊഴി പകർപ്പ് അടക്കമുള്ള അനുബന്ധ രേഖകളും ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചത്.
രേഖാമൂലം എതിർപ്പ് അറിയിക്കാൻ കൂടുതൽ സമയം വേണമെന്ന് എസ്ഐടിക്ക് വേണ്ടി പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. സ്വർണക്കൊള്ളയിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ് ഇഡിയുടെ നീക്കം. ഇത് കള്ളപ്പണം വെളുപ്പിക്കൽ കേസാണെന്നും അന്വേഷണം നടത്തി സ്വത്തുക്കൾ കണ്ടുകെട്ടാൻ അധികാരമുണ്ടെന്നും കോടതിയിൽ സമപ്പിച്ച അപേക്ഷയിൽ ഇഡി പറയുന്നു.
എന്നാൽ, രഹസ്യ സ്വഭാവത്തോടെയാണ് അന്വേഷണമെന്നും രേഖകൾ നൽകാൻ പാടില്ലെന്നുമാണ് എസ്ഐടിയുടെ നിലപാട്. പക്ഷേ, രേഖകൾ വേണമെന്നുമുള്ള ആവശ്യത്തിൽ ഇഡി ഉറച്ച് നിൽക്കുകയാണ്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ഇഡി വിജിലൻസ് കോടതിയെ സമീപിച്ചത്. സർക്കാരിന്‍റെ ഭാഗം കൂടി കേട്ട ശേഷമേ രേഖകൾ കൈമാറുന്ന കാര്യത്തിൽ തീരുമാനിക്കാവൂ എന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.







