'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ തീരുമാനം അന്തിമമെന്ന് കെ മുരളീധരൻ. പാർട്ടിയെ സംബന്ധിച്ച് രാഹുൽ അടഞ്ഞ അധ്യായമാണ്. ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ലെന്നും കെ മുരളീധരൻ പറഞ്ഞു. അതേസമയം രാഹുലിന് ജാമ്യം കിട്ടിയത് പ്രോസിക്യൂഷന്റെ കഴിവ് കേട് കൊണ്ടാണെന്നും കെ മുരളീധരൻ വിമർശനം ഉന്നയിച്ചു.

രാഹുലിന്റെ രണ്ടാം പരാതി ഡിജിപിക്ക് കൈമാറിയ കെപിസിസി പ്രസിഡന്റിന്റെ തീരുമാനം നല്ല കാര്യമാണെന്നും കെ മുരളീധരൻ പറഞ്ഞു. പാർട്ടിയെ സംബന്ധിച്ച് രാഹുൽ ചാപ്റ്റർ ക്ലോസ് ആയി. പുകഞ്ഞ കൊള്ളി പുറത്ത് തന്നെയാകും. ബാക്കി ചെയ്യേണ്ടത് പൊലീസ് ആണ്. രാഹുൽ നിലപാട് മാറ്റിയാൽ മാർക്സിസ്റ്റ് പാർട്ടി സ്വീകരിക്കുമായിരിക്കുമെന്ന് കെ മുരളീധരൻ പറഞ്ഞു.

അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ സർക്കാർ അപ്പീൽ പോകും. വിശ്യയവുമായി ബന്ധപ്പെട്ട് ഉടൻ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. എംഎൽഎയെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നാണ് തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവ്.

രണ്ടാമത്തെ കേസിൽ ഉപാധികളോടെയാണ് തിരുവനന്തപുരം സെഷൻസ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. ജാമ്യം എല്ലാ തിങ്കളാഴ്ചയും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദേശമുണ്ട്. അന്വേഷണവുമായി സഹകരിക്കണമെന്ന് രാഹുലിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി നിർദേശമുണ്ട്.

Read more