ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തിന് പിന്നാലെ മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി. പ്രകോപനപരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയുന്നതിന്റെ ഭാഗമായുള്ള നടപടിയെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് വിഷയം വഴി വച്ചതോടെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

മാല്‍ക്കാന്‍ഗിരി ജില്ലയിലെ പൊറ്റേരു നദിയില്‍ നിന്നാണ് കഴിഞ്ഞ വ്യാഴാഴ്ച സ്ത്രീയുടെ മൃതദേഹം കണ്ടെത്തുന്നത്. ഇതിനെ തുടര്‍ന്ന് രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള കലാപം പൊട്ടിപ്പുറപ്പെട്ടു. വാട്ട്‌സാപ്പ്, ഫേസ് ബുക്ക്, എക്‌സ് എന്നിവയുള്‍പ്പടെയുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളുടെ നിരോധനം ഇന്ന് ഉച്ച വരെ ആയിരുന്നത് 18 മണിക്കൂര്‍ നീട്ടിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. പ്രകോപനപരമായ വാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നത് തടയാനാണ് നടപടി.

അതേസമയം ഭൂമിതര്‍ക്കമാണ് സ്ത്രീയെ കൊലപ്പെടുത്തിയതിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. സ്ത്രീയുടെ ഗ്രാമത്തിലുള്ളവര്‍ അയല്‍ഗ്രാമത്തിലേക്ക് കയറി ആക്രമണം അഴിച്ചുവിട്ടുവെന്നും പൊലീസ് വ്യക്തമാക്കി. അയ്യായിരത്തോളം മാരകായുധങ്ങളുമായെത്തി ആക്രമണം നടത്തിയെന്നും വീടുകള്‍ക്ക് തീയിട്ടെന്നുമാണ് വിവരം. അതേസമയം ഇരു സമുദായങ്ങളും തമ്മിലുള്ള ചര്‍ച്ചകളെ തുടര്‍ന്ന് സമാധാനത്തിലേക്ക് നീങ്ങുന്നതായി കളക്ടര്‍ അറിയിച്ചു.

Read more