'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നു, നല്ല രസമുള്ള കഥാപാത്രങ്ങളെ ഒഴിവാക്കി: മജു

പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ ‘അപ്പൻ’ എന്ന ചിത്രത്തിന് ശേഷം മജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പെരുമാനി’. മെയ് 10 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ മജു. ദേശത്തിന്റെ കഥകളും, ബഷീറിന്റെ കഥകളുമൊക്കെ ഉള്ളിൽ ഇട്ടിട്ടാണ് ഇതിന് സ്ക്രീൻപ്ലേ എഴുതിയത് എന്നാണ് മജു പറയുന്നത്. ഇതൊരു സീരീസ് ആക്കേണ്ടതായിരുന്നെന്നും ഒരുപാട് മികച്ച കഥാപാത്രങ്ങളെ ഒഴിവാക്കേണ്ടി വന്നിട്ടുണ്ടെന്നും മജു പറയുന്നു.

“പെരുമാനി എന്ന് പറയുമ്പോൾ ആദ്യം മനസ്സിലേക്ക് വന്നത് ഒരു ദേശമായിരുന്നു. ഒരു ഗ്രാമത്തിൻ്റെ കഥ പറയുമ്പോൾ നമുക്കൊരുപാട് സ്പേസ് വേണം. സിനിമയുടെ ഇൻ്റെർവെല്ലിനോട് അടുക്കുമ്പോഴാണ് ഇതിലെ കഥാപാത്രങ്ങൾ എല്ലാവരെയും പരിചയപ്പെടുത്തി കഴിയുന്നത്.

ദേശത്തിന്റെ കഥകളും, ബഷീറിന്റെ കഥകളുമൊക്കെ ഉള്ളിൽ ഇട്ടിട്ടാണ് ഇതിന് സ്ക്രീൻപ്ലേ എഴുതുന്നത്. അന്നെനിക്ക് തിരക്കഥയെഴുതാൻ അറിയില്ല. എഴുതി വന്നപ്പോൾ നാനൂറ് പേജുണ്ട്. ഞാനത് പിഎഫ് മാത്യൂസിനെ വായിച്ച് കേൾപ്പിച്ചു. മുഴുവൻ കേട്ടിട്ട് അദ്ദേഹം പറഞ്ഞു ഇതൊരു മനോഹരമായ നോവൽ ആണെന്ന്. പക്ഷെ തിരക്കഥയാകുമ്പോൾ അതിൽ മാറ്റങ്ങൾ വേണമെന്ന് പറഞ്ഞു. പിന്നീട് തിരക്കഥയെന്താണെന്ന് മനസ്സിലാക്കി വന്നപ്പോഴാണ് അത് ചെറുതാക്കുന്നത്

അപ്പൻ എളുപ്പമായിരുന്നു. അതിൽ കുറച്ചു കഥാപാത്രങ്ങളെ ഉണ്ടായിരുന്നുള്ളു. പെരുമാനിയിലേക്ക് വരുമ്പോൾ, ഒരുപാട് കഥാപാത്രങ്ങളുണ്ട്. എല്ലാവർക്കും കൃത്യമായ ഗ്രാഫ്
ഇല്ലെങ്കിൽ ഇത് നിൽക്കില്ല. ഡയലോഗ് പറയുന്ന എഴുപതോളം കഥാപാത്രങ്ങളുണ്ട്. ഇവരെ എല്ലാവരെയും ആരാണ് എന്ന് പരിചയപ്പെടുത്തണം. ഈ എഴുപത് പേരെ ഫോളോ ചെയ്യുമ്പോൾ ഉണ്ടാകുന്ന സങ്കീർണതകളുണ്ട്.

ഇതൊരു സീരീസ് ആണെകിൽ ഈ പ്രശ്‌നം ഉണ്ടാകില്ലായിരുന്നു. കാരണം അവിടെ ഡീറ്റൈലിംഗിനുള്ള സമയമുണ്ട്. സത്യത്തിൽ ഇതൊരു സീരീസ് ആക്കേണ്ടതായിരുന്നു.
ഒരുപാട് കഥകളും ഉപകഥകളും കട്ട് ചെയ്ത് നീക്കി, ക്രിസ്പ് ആക്കിയാണ് പെരുമാനിയിൽ കൊണ്ട് വന്നിരിക്കുന്നത്. നല്ല രസമുള്ള കഥാപാത്രങ്ങളെ ഒഴിവാക്കിയപ്പോൾ സങ്കടമുണ്ടായിരുന്നു.” എന്നാണ് ദി ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ മജു പറഞ്ഞത്.

വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ, സണ്ണി വെയ്ൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. യൂൻ വി മൂവീസും മജു മൂവീസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രം സെഞ്ച്വറി ഫിലിംസാണ് വിതരണത്തിനെത്തിക്കുന്നത്. നവാസ് വള്ളിക്കുന്ന്, ദീപ തോമസ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Read more