നല്ല കഥയാണെന്ന് കരുതി മമ്മൂട്ടിയോട് പറയും, അപ്പോള്‍ അദ്ദേഹം ഇത് വേണ്ട കമല്‍ എന്ന് പറയും: കമല്‍ഹാസന്‍

പുതിയ ചിത്രം വിക്രമിന്റെ പ്രചരണാര്‍ഥം കഴിഞ്ഞ ദിവസം കമല്‍ഹാസന്‍ കൊച്ചിയിലെത്തിയിരുന്നു. പ്രമോഷന്‍ പരിപാടിയില്‍ വെച്ച് താരം അവതാരകന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. മമ്മൂട്ടിയുമായുള്ള ചിത്രം ചെയ്യാന്‍ ഒരു നല്ല കഥയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് എന്നായിരുന്നു താരത്തിന്റെ മറുപടി.

മലയാളത്തില്‍ മോഹന്‍ലാല്‍ അടക്കം നിരവധി മുന്‍നിര താരങ്ങളോടൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും മമ്മൂട്ടിയുമായി അഭിനയിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാണ് മമ്മൂട്ടിയുമൊത്തുള്ള ഒരു ചിത്രം എന്നായിരുന്നു ചോദ്യം. ഇതിനു താരം പറഞ്ഞ മറുപടി ഇപ്രകാരമാണ് ഞങ്ങളത് പരസ്പരം പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ്.

ഒരു നല്ല കഥയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ഞങ്ങള്‍. ഞാന്‍ ചിലപ്പോള്‍ നല്ല കഥയാണെന്ന് കരുതി മമ്മൂട്ടിയോട് പറയും. അപ്പോള്‍ മമ്മൂട്ടി പറയും. ഇത് വേണ്ട കമല്‍, ഇതിനെക്കാള്‍ നല്ല കഥ വരട്ടെ അപ്പോള്‍ ചെയ്യാം. ആ കാത്തിരിപ്പ് നീളുകയാണ്. പക്ഷെ ഞങ്ങള്‍ ഒന്നിക്കും.

Read more

പ്രൊമോഷന്‍ ചടങ്ങില്‍ കമല്‍ഹാസനൊപ്പം നരേനും എത്തിയിരുന്നു. ജൂണ്‍ മൂന്നിനാണ് ‘വിക്രം’ റിലീസ് ചെയ്യുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ കമലിനൊപ്പം ഫഹദ് ഫാസില്‍ വിജയ് സേതുപതി, സൂര്യ എന്നിവരും എത്തുന്നുണ്ട്.