'കുന്തോം കൊടച്ചക്രോം'; സജി ചെറിയാനെ പരിഹസിച്ച് ജോയ് മാത്യു

ഭരണഘടനയെ വിമര്‍ശിച്ച മന്ത്രി സജി ചെറിയാനെതിരെ പരിഹാസവുമായി നടന്‍ ജോയ് മാത്യു. ‘കുന്തോം കൊടച്ചക്രോം’ അപ്പര്‍ കുട്ടനാടിലെ ഓണാട്ടുകരയിലെ ഗ്രാമഭാഷയില്‍ ഒരു ഹാന്‍ഡ് ബുക്ക്. സാംസ്‌കാരിക വകുപ്പ് മന്ത്രി പ്രകാശനം ചെയ്യും. നിങ്ങളുടെ കോപ്പികള്‍ റിസര്‍വ് ചെയ്യൂ’ എന്നായിരുന്നു ജോയ് മാത്യുവിന്റെ പരിഹാസം. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജനങ്ങളെ കൊളളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്ന് എന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രസ്താവന. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് എഴുതിയ ഭരണഘടനയാണത്. സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഭരണഘടനയുടെ ഉദ്ദേശ്യം.

മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. എന്നാല്‍ അത് ജനങ്ങളെ കൊളളയടിക്കുന്നതാണ്. പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവില്‍ എന്ന പരിപാടി പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കവെയായിരുന്നു സജി ചെറിയാന്റെ പ്രസ്താവന.

Read more

തൊഴിലാളി ചൂഷണത്തെ അംഗീകരിക്കുന്നതാണ് ഭരണ ഘടന. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളര്‍ന്ന് വരാന്‍ കാരണം ഇന്ത്യന്‍ ഭരണഘടന അവര്‍ക്ക് നല്‍കുന്ന പരിരക്ഷയാണ്. അവര്‍ക്കെതിരെ എത്രപേര്‍ക്ക് സമരം ചെയ്യാന്‍ പറ്റും. കോടതിയും, പാര്‍ലമെന്റുമെല്ലാം മുതലാളിമാര്‍ക്കൊപ്പമാണ്. മുതലാളിമാര്‍ക്ക് അനുകൂലമായി മോദി സര്‍ക്കാരിനെ പോലുള്ളവര്‍ തീരുമാനമെടുക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഇന്ത്യന്‍ ഭരണഘന അവര്‍ക്കൊപ്പമാണ് എന്നതിന്റെ തെളിവാണെന്നും സജി ചെറിയാന്‍ ആരോപിച്ചു.