വിനയന്റെ ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ സമ്മര്‍ദ്ദം ചെലുത്തിയത് ഇന്നസെന്റും മുകേഷും കൂടി : വെളിപ്പെടുത്തലുമായി ഷമ്മി തിലകന്‍

സംവിധായകന്‍ വിനയന്റെ ചിത്രത്തില്‍ നിന്നും പിന്‍മാറുന്നതിനായി, ഇന്നസെന്റും മുകേഷും തന്നില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് വ്യക്തമാക്കി നടന്‍ ഷമ്മി തിലകന്‍. നേരത്തേ, നടന്‍ തിലകനും, വിനയന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അഭിനയിച്ചതിനെ തുടര്‍ന്ന് സംഘടനയില്‍ നിന്നും നടപടികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘ഇടവേള ബാബുവിന് ഞാന്‍ അയച്ച സന്ദേശത്തില്‍ സംവിധായകന്‍ വിനയന്റെ ഒരു കേസിനെക്കുറിച്ച് പറയുന്നുണ്ട്. അമ്മയുമായി വിനയന് കേസുണ്ടായതും, അദ്ദേഹം കോമ്പറ്റീഷന്‍ കമ്മീഷനില്‍ പോയി വിജയിച്ചതുമെല്ലാം എല്ലാവര്‍ക്കും അറിയാം. വിനയന്റെ സിനിമയില്‍ എനിക്ക് അവസരം ലഭിച്ചിരുന്നു.

ഒരു നല്ല കഥാപാത്രമായിരുന്നു. അദ്ദേഹം അഡ്വാന്‍സും നല്‍കിയിരുന്നു. തുടര്‍ന്ന്, മുകേഷും ഇന്നസെന്റും എന്നോട് അതില്‍ അഭിനയിക്കേണ്ടെന്ന് പറഞ്ഞു. ചിരിച്ചുകൊണ്ട് ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. അഡ്വാന്‍സ് തിരിച്ചുകൊടുത്തേക്ക്, ഇല്ലെങ്കില്‍ നാളെ നിനക്കത് ദ്രോഹമാകും എന്നാണ് പറഞ്ഞത്. അങ്ങിനെയാണ് ഞാന്‍ ഈ സിനിമയില്‍നിന്ന് പിന്‍മാറിയത്. വഴക്ക് വേണ്ടെന്ന് കരുതിയാണ് ഒഴിഞ്ഞത്. അല്ലാതെ മറ്റൊന്നും കൊണ്ടല്ല,’ ഷമ്മി തിലകന്‍ വ്യക്തമാക്കി.

‘അമ്മ’യെ അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും താന്‍ ചെയ്തിട്ടില്ലെന്നും എന്നാല്‍, സംഘടനയിലെ പുഴുക്കുത്തുകളെ ചൂണ്ടാക്കാട്ടേണ്ടത് ഒരു അംഗം എന്ന നിലയില്‍ തന്റെ കടമയായിരുന്നുവെന്നും ഷമ്മി തിലകന്‍ പറഞ്ഞു. അനീതി എവിടെയാണോ അതിനെതിരേയായിരുന്നു യുദ്ധമെന്നും സംഘടനക്കുള്ളില്‍ തന്നെയാണ് താന്‍ പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.