വാപ്പച്ചി തീവ്രമായി സ്നേഹിച്ചിരുന്ന ഒരാള്‍ നിങ്ങളായിരുന്നു; ദുല്‍ഖര്‍ സല്‍മാന്‍

ദിലീപ് കുമാറിനോടുള്ള മമ്മൂട്ടിയുടെ ആരാധനയെകുറിച്ച് മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍. വാപ്പച്ചിയുടെ ഏറ്റവും പ്രിയപ്പെട്ട താരം എന്നാണ് ദിലീപ് കുമാറിനെ കുറിച്ച് ദുല്‍ഖറിന്റെ വാക്കുകള്‍.ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഞാനും വാപ്പച്ചിയും താങ്കളെ കുറിച്ച് സംസാരിച്ചിരുന്നു. അദ്ദേഹം തീവ്രമായി സ്‌നേഹിച്ചിരുന്ന ഒരാള്‍ നിങ്ങളായിരുന്നു. ഒരു നടനെന്ന നിലയിലും വ്യക്തിയെന്ന രീതിയിലും. ദിലീപ് സാബിനേക്കാള്‍ സുന്ദരനായ നടനോ മാധുര്യത്തോടെ പെരുമാറുന്ന മനുഷ്യനോ ഇല്ലെന്ന് അദ്ദേഹം പറയുമായിരുന്നു.

നിങ്ങളുടെ വാക്കുകള്‍ തേന്‍ പോലെ ഒഴുകുമെന്ന്, നിങ്ങള്‍ അനന്തമായി സംസാരിക്കുന്നത് വാപ്പച്ചി നോക്കിയിരിക്കുമായിരുന്നു എന്ന്. ഒരു പരിപാടിക്കിടയിലോ വിദേശത്ത് ഷോപ്പിംഗ് ചെയ്യുമ്പോഴോ നിങ്ങള്‍ വാപ്പച്ചിയെ കണ്ടാല്‍, എപ്പോഴും അദ്ദേഹത്തെ സ്‌നേഹത്തോടെ സമീപിക്കുകയും സ്‌നേഹാന്വേഷണം പങ്കുവെയ്ക്കുകയും നിങ്ങളുടെ സമയം മാറ്റിവെയ്ക്കുകയും ചെയ്യുമായിരുന്നുവെന്ന്. നിങ്ങളായിരുന്നു എല്ലാ അര്‍ത്ഥത്തിലും അദ്ദേഹത്തിന്റെ ഇഷ്ടതാരം.”

“എന്റെ വാപ്പച്ചി നിങ്ങളെ എത്രത്തോളം സ്‌നേഹിക്കുന്നുവോ, അത്രയും ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു. നിങ്ങള്‍ അദ്ദേഹത്തിന്റെ സ്വന്തമായിരുന്നു.”ദുല്‍ഖര്‍ കുറിക്കുന്നു.

തന്റെ എക്കാലത്തേയും പ്രിയപ്പെട്ട നടന് വിട എന്നാണ് ദിലീപ് കുമാറിന്റെ വിയോഗത്തെ തുടര്‍ന്ന് മമ്മൂട്ടി പ്രതികരിച്ചത്. ദിലീപ് കുമാറിന് മുമ്പോ ശേഷമോ, അദ്ദേഹത്തെ പോലെ മറ്റാരുമില്ലെന്നും മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.