രാജമൗലി വിളിച്ചതാണ്, പക്ഷേ ഞാന്‍ ഒരു രൂപ പോലും ഓസ്‌കാറിനായി മുടക്കില്ലെന്ന് തീരുമാനിച്ചിരുന്നു; ഒടുവില്‍ കാരണം വെളിപ്പെടുത്തി നിര്‍മ്മാതാവ്

രാജമൗലി ചിത്രം ആര്‍ ആര്‍ ആര്‍ നേടിയ ഓസ്‌കാര്‍ വിജയം ഇന്ത്യന്‍ സിനിമയെ അഭിമാനത്തിന്റെ കൊടുമുടിയില്‍ എത്തിച്ചിരിക്കുകയാണ്. എസ്എസ് രാജമൗലി, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, എംഎം കീരവാണി, ചന്ദ്രബോസ്, എന്നിവരെല്ലാം വമ്പിച്ച ഓസ്‌കാര്‍ പ്രചാരണത്തിന്റെയും തുടര്‍ന്നുള്ള ആഘോഷങ്ങളുടെയും ഭാഗമായപ്പോള്‍, ഒരാള്‍ മാത്രം വിട്ടുനിന്നു, അത് ചിത്രത്തിന്റെ നിര്‍മ്മാതാവ് ഡിവിവി ദനയ്യയായിരുന്നു.

ചിത്രം വലിയ വിജയം നേടിയപ്പോഴും അതിന് മുമ്പ് നടന്ന പ്രചാരണ പരിപാടിയിലും അവാര്‍ഡ് ദാന ചടങ്ങുകളിലുമൊന്നും നിര്‍മ്മാതാവ് ഇല്ലായിരുന്നു. ഓസ്‌കാറിന് മുമ്പ് ആര്‍ആര്‍ആര്‍ ടീമില്‍ നിന്ന് ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് ധനയ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. 80 കോടിയോളം രൂപ തനിക്ക് ഇത്തരം പരിപാടികളില്‍ പങ്കെടുത്തിരുന്നെങ്കില്‍ നഷ്ടമാകുമായിരുന്നു എന്ന് പറഞ്ഞ ധനയ്യ തനിക്ക് അത്രത്തോളം ലാഭമൊന്നും ഈ സിനിമയില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നും തുറന്നടിച്ചു.

Read more

രാജമൗലിയുടെ ഓസ്‌കാര്‍ പ്രചാരണത്തിനുള്ള നിര്‍ദ്ദേശം ധനയ്യ നിരസിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതേക്കുറിച്ച് നിര്‍മാതാവിന്റെ വാക്കുകള്‍ ഇങ്ങനെ ഒരു രൂപ പോലും ഓസ്‌കാര്‍ പ്രചാരണത്തിനായി ഞാന്‍ ചിലവാക്കിയിട്ടില്ല. സിനിമ നേടിയ അംഗീകാരത്തിലും ഉള്‍പ്പെട്ട എല്ലാവര്‍ക്കും ലഭിച്ച പ്രശസ്തിയിലും ഞാന്‍ സന്തുഷ്ടനാണ് എന്നെ സംബന്ധിച്ച് അതു മതി. ധനയ്യ കൂട്ടിച്ചേര്‍ത്തു.