സിനിമയില്‍ ലഭിച്ചത് സഹോദരി കഥാപാത്രങ്ങള്‍ മാത്രം, ഇവിടെ നിന്നൊരു ആളെ തന്നെ വിവാഹം കഴിച്ചതിനാല്‍ കരിയര്‍ ബ്രേക്കും വന്നില്ല: ബീന ആന്റണി

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ബീന ആന്റണി. സിനിമയില്‍ അഭിനയിച്ച ശേഷമാണ് ബീന സീരിയല്‍ രംഗത്തേക്ക് എത്തുന്നത്. നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുണ്ടെങ്കിലും മിനിസ്‌ക്രീനിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്. സിനിമയില്‍ നിന്നും മാറി നില്‍ക്കാനുള്ള യഥാര്‍ത്ഥ കാരണത്തെ കുറിച്ചാണ് ബീന ഇപ്പോള്‍ തുറന്നു പറയുന്നത്.

സിനിമയില്‍ നിന്ന് മാറി നില്‍ക്കാനുള്ള പ്രധാന കാരണം തനിക്ക് കൂടുതലായും ലഭിച്ചത് സഹോദരി കഥാപാത്രങ്ങളാണ് എന്നതാണ്. അങ്ങനെ മുന്നോട്ട് പോകാനാകില്ലെന്ന് തോന്നി. അക്കാലത്താണ് സീരിയലിലേക്ക് വിളിവന്നത്. സിനിമയിലേക്കാള്‍ കൂടുതല്‍ പ്രധാന്യമുള്ള കഥാപാത്രങ്ങള്‍ സീരിയലില്‍ കിട്ടിയതോടെ മിനിസ്‌ക്രീനാണ് കരിയറെന്ന് ഉറപ്പിച്ചു.

ഒരുപാട് നല്ല സീരിയലുകളും ടെലിവിഷന്‍ ഷോകളും ചെയ്യാന്‍ കഴിഞ്ഞു. ഇപ്പോഴും ചെയ്യുന്നു. ജനങ്ങളുടെ മനസ്സില്‍ എന്നെ അടയാളപ്പെടുത്തിയത് സീരിയലുകള്‍ തന്നെയാണ്. ഈ മേഖലയില്‍ നിന്നൊരു ആളെ തന്നെ വിവാഹം കഴിച്ചതിനാല്‍ കരിയര്‍ ബ്രേക്കും വന്നില്ലെന്നും ബീന ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

1986ല്‍ ഒന്നു മുതല്‍ പൂജ്യം വരെ എന്ന സിനിമയില്‍ ബാലതാരമായി എത്തിയാണ് ബീന ആന്റണി അഭിനയരംഗത്തേക്ക് എത്തുന്നത്. ഡിഡി മലയാളം ചാനലിലെ ഇണക്കം പിണക്കം എന്ന സീരിയലിലൂടെയാണ് 1992ല്‍ താരം മിനിസ്‌ക്രീന്‍ രംഗത്ത് സജീവമായത്. നിലവില്‍ മൗനരാഗം, പൂക്കാലം വരവായി എന്നീ സീരിയലുകളിലാണ് താരം അഭിനയിക്കുന്നത്.