'വെൺമ നിലനിർത്താൻ ഉജാല മുക്കിയാൽ മതി, നന്മ നിലനിർത്താൻ വേണ്ടത് ജീവിത വിശുദ്ധി'; ഖദ‌‌ർ വിവാദത്തിൽ മാത്യു കുഴൽനാടൻ

ഖദ‌‌ർ വിവാദത്തിൽ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ. ഖദറിന്‍റെ വെൺമ നിലനിർത്താൻ ഉജാല മുക്കിയാൽ മതിയെന്നും പക്ഷേ അതിന്‍റെ നന്മ നിലനിർത്താൻ ജീവിത വിശുദ്ധിയാണ് വേണ്ടതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. ഖദര്‍ കോൺഗ്രസ് സംസ്കാരത്തിന്‍റെ ഭാഗമാണെന്നും ഖദര്‍ മാത്യു കുഴൽനാടൻ പറഞ്ഞു.

താൻ പരമ്പരാഗത നേതാക്കളുടെ ശൈലിയിൽ പോകുന്ന ആളല്ലെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു. വിദ്യാർത്ഥി രാഷ്ട്രീയ കാലത്തും ഖദർ ഉപയോഗിച്ചിട്ടില്ല. എന്നാൽ ഖദറിനെ ബഹുമാനത്തോടെ കാണുന്നു. ഖദര്‍ കോൺഗ്രസ് സംസ്കാരത്തിന്‍റെ ഭാഗമാണ്. നാളെ താനും ഖദർ ഉപയോഗിച്ചേക്കാം എന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

യുവതലമുറയ്ക്ക് എന്തിനാണ് ഖദറിനോട് ഇത്ര നീരസമെന്നും എന്തിനാണ് ഡിവൈഎഫ്ഐക്കാരെ അനുകരിക്കുന്നതെന്നുമായിരുന്നു അജയ് തറയിലിൻ്റെ വിമർശനം. വസ്ത്രധാരണത്തിൽ പുതിയ തലമുറ കോൺഗ്രസുകാർ ഡിവൈഎഫ്ഐയെ അനുകരിക്കാൻ ശ്രമിക്കുക ആണെന്നാണ് ഫെയ്സ്ബുക്കിലൂടെ അജയ് തറയിൽ വിമർശനം ഉന്നയിച്ചത്. വിഷയം ചര്‍ച്ചയായപ്പോൾ ഖദർ വസ്ത്രങ്ങൾ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെ കൂടിയാണ് പുതിയ തലമുറ മറക്കുന്നതെന്നും അജയ് തറയിൽ പറഞ്ഞിരുന്നു.