'ഖാദി വസ്ത്രത്തെ തള്ളിപ്പറഞ്ഞ കോൺഗ്രസ് നാളെ മഹാത്മാ ഗാന്ധിയേയും തള്ളിപ്പറയും'; ഖാദി ബോർഡ് ചെയർമാൻ പി ജയരാജൻ

കോൺഗ്രസിന്റെ ഖാദി ചർച്ചയിൽ പ്രതികരിച്ച് ഖാദി ബോർഡ് ചെയർമാൻ പി ജയരാജൻ. ഖാദി വസ്ത്രത്തെ തള്ളിപ്പറയാൻ തയ്യാറായ കോൺഗ്രസിലെ ചില നേതാക്കൻമാർ നാളെ മഹാത്മാ ഗാന്ധിയേയും തള്ളിപ്പറയുമെന്ന കാര്യത്തിൽ സംശയം ഇല്ലെന്ന് പി ജയരാജൻ പറഞ്ഞു. ചരിത്രത്തെ കോൺഗ്രസ് വിസ്മരിക്കാൻ തുടങ്ങിയിരിക്കുന്നു. കോൺഗ്രസിൽ സംഭവച്ചുകൊണ്ടിരിക്കുന്ന അപചയത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും ജയരാജൻ പറഞ്ഞു.

ഗാന്ധിജി കേരളം സന്ദർശിച്ചപ്പോളെല്ലാം ഖാദി പ്രചരണത്തിന് ഊന്നൽ നൽകിയിരുന്നു. ഖദർ പ്രചരണത്തിനുവേണ്ടി കേരളത്തിലും രാജ്യത്ത് ഉടനീളവും അദ്ദേഹം പര്യടനം നടത്തി. എന്നാൽ, കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം ഖാദിയെ തള്ളിപ്പറയുന്ന സ്ഥിതിയാണ് ഇന്നുള്ളത് അവർ നാളെ മഹാത്മാ ഗാന്ധിയേയും തള്ളിപ്പറയും എന്ന കാര്യത്തിൽ സംശയമില്ലെന്നും ജയരാജൻ പറഞ്ഞു.

സ്വദേശി വസ്ത്ര പ്രസ്ഥാനം മഹാത്മാഗാന്ധി തുടങ്ങിയത് പരുത്തിയിൽ നിന്നും നൂൽ ഉത്പാദിപ്പിച്ച് ആ നൂൽ ഉപയോഗിച്ച് തുണി ഉണ്ടാക്കുന്ന ആളുകളുടെ ഉന്നമനത്തിൻ്റെ ഭാഗമായാണ് അത് ബ്രിട്ടീഷുകാർക്ക് ഉത്പാദിപ്പിക്കുന്ന വസ്ത്രങ്ങൾക്കെതിരായ സമരം കൂടി ആയിരുന്നു ആ ചരിത്രത്തെയാണ് കോൺഗ്രസ് വിസ്‌മരിക്കാൻ തുടങ്ങിയിരിക്കുന്നത്.

കോൺഗ്രസ് അതിൻ്റെ ആദർശങ്ങളിൽനിന്ന് വിടവാങ്ങുന്നു, പഴയകാല മൂല്യങ്ങളിൽനിന്ന് വ്യതിചലിക്കുന്നു. ആ മൂല്യങ്ങൾക്ക് എതിരായ നിലപാട് സ്വീകരിക്കുന്നു എന്നതാണ് ഈ പ്രസ്‌താവന നമ്മെ ബോധ്യപ്പെടുത്തുന്നതെന്നും ജയരാജൻ പറഞ്ഞു. ദേശീയതയുടെ സ്ഥാനവസ്ത്രവും പരിസ്ഥിതി സൗഹൃദവുമായ ഖാദി ധരിക്കേണ്ടതില്ലെന്ന് പറഞ്ഞാൽ അത് കോൺഗ്രസ് മുതലാളിത്ത മൂല്യങ്ങളുടെ പ്രചാരകരായി എന്നതിൻ്റെ തെളിവ് കൂടിയാണെന്നും ജയരാജൻ പറഞ്ഞു.

ഖാദി പഴയതല്ല പുതിയതാണ് എന്നതാണ് കേരളത്തിലെ ഖാദി ബോർഡ് മുന്നോട്ടുവെക്കുന്ന സ്ലോഗൺ. കട്ടിതുണിയിൽ നിന്ന് നേരിയ തുണിയിലേക്ക് ഖാദി മാറി. നേരിയ വസ്ത്രങ്ങൾ മാത്രമല്ല ഡിസൈനർ വസ്ത്രങ്ങളും ഉത്പാദിപ്പിച്ച് മുന്നോട്ട് പോകാൻ ഖാദി ശ്രമിക്കുകയാണ്. ഖാദി പ്രചാരണം പണ്ട് എല്ലാ കോൺഗ്രസ് യോഗങ്ങളിലേയും ഒരു അജണ്ടയായിരുന്നുവെങ്കിൽ ഇന്ന് ഖാദി ഡിസൈൻ വസ്ത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു നിലപാട്‌പോലും അവർ എടുക്കുന്നില്ല.

Read more

ഇന്ത്യയിൽ കേരളമാണ് ഖാദിക്ക് ഏറ്റവും പ്രോത്സാഹനം നൽകുന്നത്. 100 ദിവസം വിലക്കുറവിൽ കേരളം ഖാദി വിൽക്കുന്നു സർക്കാർ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്. ഡിസൈൻ വസ്ത്രങ്ങളിലൂടെ ഖാദി എന്ന മൂല്യത്തെ പുതിയ തലമുറയക്ക് പരിചയപ്പെത്താൻ ശ്രമിക്കുമ്പോൾ കോൺഗ്രസിലെ പുത്തൻ തലമുറ എടുക്കുന്ന നിലപാടിനെയും കോൺഗ്രസിലെ ഒരു വിഭാഗം മുന്നോട്ടുവെക്കുന്ന പുതിയ രാഷ്ട്രീയത്തേയും അംഗീകരിക്കുന്നില്ലെന്നും ജയരാജൻ പറഞ്ഞു.