'പൊന്നിയിന്‍ സെല്‍വനില്‍ നിന്നും ഇടവേള എടുത്തു, ലാലിനെയും പൃഥ്വിയെയും സന്ദര്‍ശിച്ചു'; ചിത്രങ്ങളുമായി ബാബു ആന്റണി

മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ‘ബ്രോ ഡാഡി’യുടെ സെറ്റ് സന്ദര്‍ശിച്ച് നടന്‍ ബാബു ആന്റണി. പൃഥ്വിരാജിനും മോഹന്‍ലാലിനും ഒപ്പമുള്ള ചിത്രം പങ്കുവച്ചാണ് താരം ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വന്റെ ഷൂട്ടിംഗ് ഇടവേളയിലാണ് ബാബു ആന്റണി ബ്രോ ഡാഡിയുടെ സെറ്റില്‍ എത്തിയത്.

ഹൈദരാബാദിലാണ് നിലവില്‍ ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് നടക്കുന്നത്. മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും കനിഹയെയും കണ്ടതിനെ കുറിച്ചും ബാബു ആന്റണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ”പൊന്നിയിന്‍ സെല്‍വം എന്ന സിനിമയുടെ ചിത്രീകരണത്തിന് എനിക്ക് ഒരു ദിവസം അവധി ഉണ്ടായിരുന്നു. അതിനാല്‍, ഹൈദരാബാദിന്റെ മറ്റൊരു ഭാഗത്ത് ഷൂട്ട് ചെയ്യുന്ന ലാലിനെയും പൃഥ്വിയെയും ഞാന്‍ സന്ദര്‍ശിച്ചു.”

”നടി കനിഹയുമായും കൂടിക്കാഴ്ച നടത്തി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ദു പനയ്ക്കല്‍ എനിക്ക് നല്ല ബിരിയാണി വാങ്ങിതന്നു. ഞങ്ങള്‍ ഭാസേട്ടനെ കുറിച്ചുള്ള നല്ല ഓര്‍മകളും ചിത്രീകരണ വിശേഷങ്ങളുമൊക്കെ പങ്കുവച്ചു. അത് വളരെ രസകരമായിരുന്നു” എന്നാണ് ബാബു ആന്റണി കുറിച്ചിരിക്കുന്നത്.

ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. കനിഹ, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഹൈദരാബാദിലാണ് ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചത്.