പഴയകാല നായികയുടെ മകനും നായകനായി എത്തുന്നു

പത്മരാജന്‍ സംവിധാനം ചെയ്ത തൂവാനത്തുമ്പികളിലെ ക്ലാരയെ അവതരിപ്പിച്ച് പ്രേക്ഷകരുടെ നായിക സങ്കല്‍പ്പങ്ങളെ തിരുത്തിക്കുറിച്ച സുമലതയെ ആരും മറന്ന് കാണാന്‍ സാധ്യതയില്ല. കന്നഡ സിനിമ നടന്‍ അംബരീഷ് വിവാഹം ചെയ്ത് കഴിഞ്ഞ് സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു സുമലത. താരദമ്പതികള്‍ ഇപ്പോള്‍ മകനെ സിനിമ ലോകത്തിന് കൈമാറുകയാണ്. അഭിഷേക് ഗൗഡയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്.

സന്ദേശ് നാഗരാജ് നിര്‍മിക്കുന്ന ചിത്രത്തിലാണ് അഭിഷേക് അഭിനയിക്കുന്നത്. എല്ലാം തികഞ്ഞ ഒരു ചിത്രത്തില്‍ അഭിനയിക്കാനായി കാത്തിരിക്കുകയാണ് അഭിഷേക്. ചേതന്‍ കുമാര്‍ പവന്‍ വാദ്യാര്‍ എന്നിവരുടെ തിരക്കഥയില്‍ മികച്ച തിരക്കഥയാവും നിര്‍മിക്കുകയെന്ന് സന്ദേശ് നാഗ് രാജ് പറഞ്ഞുവെന്ന് ദ ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്തു.

സുമലതയും അംബരീഷും വിവാഹം കഴിച്ചത് 1991ലാണ്. ഇടക്കാലത്ത് അംബരീഷ് രാഷ്ട്രീയത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.  സംസ്ഥാന വാര്‍ത്താ വിനിമയ പ്രക്ഷേപണമന്ത്രി, പാര്‍ലമെന്‍റംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ച അംബരീഷ് ഇപ്പോള്‍ വീണ്ടും സിനിമ രംഗത്ത് സജീവമായി തുടങ്ങി.