'വെറുതേ ഒന്നുമല്ലല്ലോ, നിങ്ങള്‍ക്ക് പൈസ തന്നിട്ടല്ലേ' എന്നൊക്കെ മോശമായി സംസാരിച്ചു'; സീരിയല്‍ ഉപേക്ഷിച്ച് പോയതിനെ കുറിച്ച് അര്‍ച്ചന

സീരിയലിന്റെ ലൊക്കേഷനില്‍ നിന്നും ഇറങ്ങി പോവേണ്ട അവസ്ഥ വന്നിട്ടുണ്ടെന്ന് നടി അര്‍ച്ചന മനോജ്. ഇനി ഒരിക്കലും ആ നിര്‍മ്മാവിനൊപ്പം വര്‍ക്ക് ചെയ്യില്ലെന്ന് പറഞ്ഞാണ് ഇറങ്ങിയത് എങ്കിലും പിന്നീട് കുറ്റബോധം തോന്നി. എന്നാല്‍ അതോടെ താനൊരു പ്രശ്‌നക്കാരിയാണെന്ന ലേബല്‍ വന്നു എന്നാണ് നടി പറയുന്നത്.

ഒരു സീരിയലില്‍ അഭിനയിക്കുമ്പോള്‍ താന്‍ അതില്‍ നിന്നും ഇറങ്ങി പോയിട്ടുണ്ട്. കുറച്ച് പ്രായമുള്ള ആളായിരുന്നു പ്രൊഡ്യൂസര്‍. അന്ന് മോള് വളരെ ചെറുതാണ്. അവളെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ താന്‍ എട്ട് സീരിയലുകളില്‍ അഭിനയിക്കുന്നുണ്ട്. മൂന്നെണ്ണം മെയിനാണ്. ഇപ്പോള്‍ ഒരു ചാനലില്‍ ഒരു സീരിയലെ ചെയ്യാന്‍ പറ്റൂ.

പണ്ട് അങ്ങനെയായിരുന്നില്ല. എത്ര സീരിയല്‍ വേണമെങ്കിലും ചെയ്യാം. മകള്‍ക്ക് ആറ് മാസമുള്ളപ്പോള്‍ വീട്ടില്‍ ഇട്ടിട്ട് വന്നതാണ്. അതിന് ശേഷം മൂന്നാല് മാസമായിട്ടും താന്‍ വീട്ടില്‍ പോയില്ല. അതുകൊണ്ട് തനിക്ക് വീട്ടില്‍ പോവണമെന്ന് നിര്‍മ്മാതാവിനോട് പറഞ്ഞു. പക്ഷേ അദ്ദേഹം സമ്മതിച്ചില്ല.

‘വെറുതേ ഒന്നുമല്ലല്ലോ, നിങ്ങള്‍ക്ക് പൈസ തന്നിട്ടല്ലേ’ എന്നൊക്കെ ചോദിച്ച് മോശമായി സംസാരിച്ചു. ഇതോടെ തനിക്കും ദേഷ്യമായി. താന്‍ എന്തൊക്കെയോ എടുത്ത് എറിഞ്ഞതിന് ശേഷം ഇറങ്ങിപ്പോയി. കോടികള്‍ തരാമെന്ന് പറഞ്ഞാലും ഇനി ആ മനുഷ്യന്‍ നിര്‍മ്മിക്കുന്ന സീരിയലില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞു.

അന്ന് 22 വയസ്സേ ഉള്ളു. അന്നത്തെ പ്രായം കൊണ്ട് പറഞ്ഞതാണ്. പിന്നീട് ആലോചിച്ചപ്പോള്‍ അത് വേണമായിരുന്നോ എന്ന് ചിന്തിച്ചു. ഒരിക്കല്‍ മറ്റൊരു പരിപാടിയിലേക്ക് വിളിച്ചെങ്കിലും ഡേറ്റിന്റെ പ്രശ്‌നം കാരണം പോകാന്‍ പറ്റിയില്ല. പക്ഷേ അത് വ്യാഖ്യാനിക്കപ്പെട്ടത് മറ്റൊരു രീതിയിലാണ് അര്‍ച്ചന സീരിയല്‍ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.