കോണ്‍ഗ്രസില്‍ നിന്ന് ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ശശി തരൂര്‍ എംപി. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളാണ് ശശി തരൂരിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്നിരുന്നത്. തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച നേതാക്കളുടെ ആധികാരികത എന്താണെന്നായിരുന്നു തരൂരിന്റെ പ്രതികരണം.
തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് അതിനുള്ള അടിസ്ഥാന യോഗ്യത ഉണ്ടായിരിക്കണം. ആരാണ് ഇതൊക്കെ പറയുന്നത്? പാര്‍ട്ടിയില്‍ അവരുടെ സ്ഥാനമെന്താണ്? തനിക്ക് അറിയാന്‍ താത്പര്യമുണ്ടെന്നും തരൂര്‍ പറഞ്ഞു. മറ്റുള്ളവരുടെ പെരുമാറ്റത്തേക്കുറിച്ച് വിശദീകരിക്കാന്‍ തനിക്ക് കഴിയില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
അവരുടെ പെരുമാറ്റത്തേക്കുറിച്ച് അവരോടാണ് ചോദിക്കേണ്ടത്. തനിക്ക് തന്റെ കാര്യമേ പറയാന്‍ കഴിയൂവെന്നും തരൂര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കെ മുരളീധരനും രാജ്‌മോഹന്‍ ഉണ്ണിത്താനും ആയിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ശശി തരൂരിനെതിരെ വലിയ വിമര്‍ശനങ്ങളുമായി രംഗത്തുവന്നത്.
തരൂര്‍ തങ്ങള്‍ക്കൊപ്പമില്ലെന്നും കോണ്‍ഗ്രസില്‍ ഉള്ളതായി കണക്കാക്കുന്നില്ലെന്നുമായിരുന്നു കെ മുരളീധരന്റെ പ്രസ്താവന. ശശി തരൂര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് തിരുത്താത്തിടത്തോളം തിരുവനന്തപുരത്തെ ഒരു പാര്‍ട്ടി പരിപാടിയിലും പങ്കെടുപ്പിക്കില്ലെന്നും കെ മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Read more
തരൂരിന്റെ കാര്യം കേരളത്തിലെ കോണ്‍ഗ്രസ് വിട്ടതാണ്. തരൂരിനെതിരെ നടപടി വേണോ വേണ്ടയോ എന്ന് ദേശീയനേതൃത്വം തീരുമാനിക്കട്ടെയെന്നും മുരളീധരന്‍ അറിയിച്ചിരുന്നു. ഇതിനുപിന്നാലെ രാജ്‌മോഹന്‍ ഉണ്ണിത്താനും പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. തരൂര്‍ പാര്‍ട്ടി വിടുന്നതാണ് നല്ലതെന്നും പുറത്താക്കുന്നതുവരെ അദ്ദേഹം കാത്തിരിക്കേണ്ടതില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.