ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചയായതോടെ രാജ്യത്തെ മറ്റ് സിനിമാ ഇന്‍ഡസ്ട്രികളും സമാനമായ കമ്മിറ്റി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുകയാണ്. ഇതിനിടെ ബോളിവുഡ് സംവിധായകനില്‍ നിന്ന് നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടി ശില്‍പ്പ ഷിന്‍ഡെ.
കരിയറിന്റെ തുടക്കകാലത്ത് താന്‍ നേരിട്ട അനുഭവമാണ് ശില്‍പ തുറന്നു പറഞ്ഞിരിക്കുന്നത്. സംവിധായകന്‍ ആവശ്യപ്പെട്ടത് പ്രകാരം ഓഡിഷനില്‍ പങ്കെടുത്ത തനിക്ക് നേരെ അയാള്‍ ലൈംഗികാതിക്രമം നടത്തുകയായിരുന്നു എന്നാണ് ശില്‍പ്പ വെളിപ്പെടുത്തിയിരിക്കുന്നത്.
ഒടുവില്‍ സംവിധായകനെ തള്ളിമാറ്റിയാണ് അവിടെ നിന്നും രക്ഷപ്പെട്ടതെന്നും നടി വ്യക്തമാക്കി. കരിയറില്‍ വലിയ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന 1998-99 കാലയളവിലാണ് തനിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. ഓഡിഷനായി എത്തിയപ്പോള്‍ സംവിധായകന്‍ ഒരു വസ്ത്രം നല്‍കി അത് ധരിച്ച് ഒരു സീന്‍ അഭിനയിച്ച് കാണിക്കാന്‍ പറഞ്ഞു.
ആദ്യം ആവശ്യം താന്‍ നിഷേധിച്ചുവെങ്കിലും പിന്നീട് ഇതിന് തയാറായി. സീന്‍ അഭിനയിക്കുന്നതിനിടെ സംവിധായകന്‍ ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെങ്കിലും താന്‍ അയാളെ തള്ളിമാറ്റി രക്ഷപ്പെടുകയായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ സംവിധായകനെ കാണാനിടയായി.
അയാള്‍ക്ക് തന്നെ ഓര്‍മയുണ്ടായിരുന്നില്ല. ഒന്നും സംഭവിക്കാത്തത് പോലെ സംസാരിച്ച അയാള്‍ തനിക്ക് ഒരു റോള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാല്‍, താന്‍ അത് നിരസിക്കുകയും ചെയ്തു എന്നാണ് ശില്‍പ്പ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ‘ഭാഭിജി ഘര്‍ പര്‍ ഹേ’ എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ നടിയാണ് ശില്‍പ്പ ഷിന്‍ഡെ. മൂന്ന് സിനിമകളിലും ശില്‍പ്പ അഭിനയിച്ചിട്ടുണ്ട്.