സിനിമയില്‍ സ്ത്രീക്കും പുരുഷനും തുല്യവേതനം ഉറപ്പാക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ച ശേഷം മുഖ്യമന്ത്രിക്ക് നല്‍കിയ വിശദമായ കത്തിലാണ് ഇക്കാര്യങ്ങള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം ഇതാദ്യമായാണ് ഒരു സിനിമ സംഘടന സര്‍ക്കാരിനോട് പ്രതികരിക്കുന്നത്. ഓരോ സിനിമയിലും വിപണിമൂല്യവും സര്‍ഗാത്മക മികവും കണക്കാക്കിയാണ് അഭിനേതാക്കള്‍ക്ക് പ്രതിഫലം നിശ്ചയിക്കുന്നത്.
സ്ത്രീക്കും പുരുഷനും തുല്യവേതനം എന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശ ബാലിശമാണ്. വേതനം തീരുമാനിക്കുന്നത് നിര്‍മ്മാതാവിന്റെ വിവേചനാധികാരമാണ്. പുരുഷുന്മാരേക്കാള്‍ പ്രതിഫലം വാങ്ങുന്ന സ്ത്രീകള്‍ സിനിമയില്‍ ഉണ്ടെന്നും കത്തിലുണ്ട്.
കഥയിലും കഥാപാത്രത്തിലും സ്ത്രീകള്‍ക്ക് സംവരണം വേണമെന്ന ശുപാര്‍ശ പരിഹാസ്യമാണ്. ഇത്തരം നിര്‍ദേശങ്ങളില്‍ വ്യക്തത വേണം. ഹേമ കമ്മിറ്റിയില്‍ സിനിമയില്‍ സജീവ സാന്നിധ്യം ഉള്ളവരെ കൂടി ഉള്‍പ്പെടുത്തണമായിരുന്നു. ഹേമ കമ്മിറ്റി നടത്തിയത് കേവല വിവരശേഖരണമാണ്.
സിനിമാ സെറ്റുകളില്‍ സ്ത്രീകള്‍ക്ക് സുരക്ഷയും സൗകര്യവും ഒരുക്കുന്നുണ്ട് എന്നും അസോസിയേഷന്‍ കത്തില്‍ വ്യക്തമാക്കി. അതേസമയം, വ്യാജ പീഡനാരോപണങ്ങള്‍ ഭയപ്പെടുത്തുന്നുണ്ടെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.