ആദ്യം നായകന്‍ വന്ന് അടിച്ചു, രണ്ടാമത് നായിക.. ഒടുവില്‍ നായകന്റെ കാല് പിടിച്ച് കരയേണ്ടി വന്നു..: അനുഭവം പറഞ്ഞ് ശക്തി കപൂര്‍

ബോളിവുഡില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ശക്തി കപൂര്‍. ഫൈറ്റ് സീനുകള്‍ കൂടാതെ ഒരു സിനിമയില്‍ നിന്ന് തന്നെ ഒരുപാട് അടികള്‍ കിട്ടുന്നതിനാല്‍ തന്റെ കരിയര്‍ അവസാനിച്ചു എന്ന് വിചാരിച്ചിരുന്ന കാലമുണ്ടായിരുന്നു എന്നാണ് ശക്തി കപൂര്‍ ഇപ്പോള്‍ പറയുന്നത്.

1983ല്‍ പുറത്തിറങ്ങിയ ‘മവാലി’ എന്ന സിനിമയെ കുറിച്ചാണ് ശക്തി കപൂര്‍ സംസാരിച്ചത്. ”എന്റെ ആദ്യ കോമഡി ചിത്രം ‘സട്ടേ പേ പട്ടേ’ ആണ്. ആ സിനിമയ്ക്കായി എന്നെ സമീപിച്ചപ്പോള്‍ എന്തിനാണ് ഈ റോള്‍ ഓഫര്‍ ചെയ്തത് എന്ന് ചിന്തിച്ചിരുന്നു. കാരണം എന്റെ വില്ലന്‍ റോളുകള്‍ പ്രശംസിക്കപ്പെടുന്ന സമയത്ത് എന്തുകൊണ്ട് കോമഡിയന്‍ ആകണമെന്ന് തോന്നി.”

”അതിന് ശേഷമാണ് മവാലി എന്ന സിനിമയിലേക്ക് എന്നെ വിളിക്കുന്നത്. കാദര്‍ ഖാനൊപ്പമായിരുന്നു ആദ്യ സീന്‍. കാദര്‍ എന്നെ അടിച്ചു, ഞാന്‍ നിലത്തേക്ക് വീണു. രണ്ടാമത്തെ ഷോട്ടില്‍ നടി അരുണ ഇറാനി വന്നു, എന്നെ അടിച്ചു ഞാന്‍ വീണ്ടും നിലത്തേക്ക് വീണു. മൂന്നാമത്തെ ഷോട്ടിലും ഇത് തന്നെ വീണ്ടും സംഭവിച്ചു.”

”ഇങ്ങനെ പോയാല്‍ എന്റെ കരിയര്‍ അവസാനിക്കുമെന്ന് തോന്നി. ഞാന്‍ കാദര്‍ ഖാന് അരികില്‍ പോയി കാല് പിടിച്ച് പറഞ്ഞു, എനിക്ക് വൈകുന്നേരം തിരിച്ച് വീട്ടിലേക്ക് പോവാനുള്ള ടിക്കറ്റ് ബുക്ക് ചെയ്യാന്‍. ഈ സിനിമയില്‍ എനിക്ക് അഭിനയിക്കണ്ട. എന്റെ കരിയര്‍ അവസാനിക്കും. ഞാന്‍ ഇതുവരെ കല്യാണം പോലും കഴിച്ചിട്ടില്ല എന്ന് പറഞ്ഞു.”

”എന്നാല്‍ സ്റ്റണ്ട് മാസ്റ്റര്‍ എന്നെ വിളിച്ച് ഉപദേശിച്ചു. ‘ഈ സിനിമയില്‍ അടി വാങ്ങണമെങ്കില്‍ ചെയ്യണം, സിനിമ ഉപേക്ഷിക്കരുത്. ഈ സിനിമ ഇറങ്ങിയാല്‍ നിനക്ക് ആകും കൂടുതല്‍ സ്വീകാര്യത ലഭിക്കുക’ എന്ന്. മവാലി തിയേറ്ററില്‍ ഹിറ്റ് ആയിരുന്നു. എന്റെ പ്രകടനത്തിന് ഒരുപാട് പ്രശംസകളും ലഭിച്ചു” എന്നാണ് ശക്തി കപൂര്‍ പറയുന്നത്.