മഹാഭാരതത്തെ ആരെങ്കിലും 'ലോര്‍ഡ് ഓഫ് ദ റിംഗ്‌സ്' ആക്കിയാല്‍ അഭിനയിക്കണം: സെയ്ഫ് അലിഖാന്‍

‘മഹാഭാരതം’ സിനിമയാക്കിയാല്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് സെയ്ഫ് അലിഖാന്‍. തങ്ങളുടെ ജനറേഷനിലുള്ള ഒട്ടുമിക്ക താരങ്ങളുടേയും സ്വപ്ന ചിത്രമാണ് മഹാഭാരതം. അജയ് ദേവ്ഗണിനോട് ഇതിനെ കുറിച്ച് സംസാരിക്കാറുണ്ട് എന്നാണ് സെയ്ഫ് പറയുന്നത്.

മഹാഭാരതത്തില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ട്. ആരെങ്കിലും മഹാഭാരതത്തെ ‘ലോര്‍ഡ് ഓഫ് ദ റിംഗ്‌സ്’ പോലെ ആക്കിയാല്‍ അഭിനയിക്കണം. ‘കച്ചേ ദാഗെ’ മുതല്‍ നടന്‍ അജയ് ദേവ്ഗണിനോട് ഇതിനെ കുറിച്ച് സംസാരിക്കാറുണ്ട്. തങ്ങളുടെ ജനറേഷനിലെ ഭൂരിഭാഗം പേരുടെയും സ്വപ്ന ചിത്രമാണിത്.

എല്ലാവരും ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട് എന്ന് സെയ്ഫ് അലിഖാന്‍ ഒരു ബോളിവുഡ് മാധ്യമത്തോട് പറഞ്ഞു. അതേസമയം, തമിഴ് ചിത്രം ‘വിക്രം വേദ’യുടെ ഹിന്ദി പതിപ്പ് ആണ് സെയ്ഫിന്റെതായി റിലീസ് ചെയ്തിരിക്കുന്ന ഏറ്റവും പുതിയ സിനിമ. ചിത്രത്തില്‍ മാധവന്‍ അവതരിപ്പിച്ച റോളിലാണ് സെയ്ഫ് അഭിനയിക്കുന്നത്.

‘ആദിപുരുഷ്’ ആണ് നടന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. ഔം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രം രാമാണ കഥയെ അടിസ്ഥാനമാക്കിയാണ്. ചിത്രത്തില്‍ രാവണനായാണ് സെയ്ഫ് വേഷമിടുന്നത്. പീറ്റര്‍ ജാക്‌സന്റെ സംവിധാനത്തില്‍ 2001ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമാണ് ലോര്‍ഡ് ഓഫ് ദ റിംഗ്‌സ്.