കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം

സല്‍മാന്‍ ഖാന്റെ വീട് ആക്രമിച്ച സംഭവത്തില്‍ ലോറന്‍സ് ബിഷ്‌ണോയി സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍ ആയിരിക്കുകയാണ്. സല്‍മാന്റെ വീടിന് ചുറ്റും നിരീക്ഷണം നടത്താനായി ബിഷ്‌ണോയി സംഘം ഏല്‍പ്പിച്ച ഹര്‍പാല്‍ സിങ് ആണ് അറസ്റ്റിലായത്. എന്നാല്‍ സല്‍മാന്‍ ഖാനെ വധിക്കും എന്ന വെല്ലുവിളിയില്‍ ഉറച്ചു നില്‍ക്കുകയാണ് ബിഷ്‌ണോയി സമൂഹം.

കഴിഞ്ഞ ദിവസം ബിഷ്‌ണോയി സമൂഹത്തിനോട് മാപ്പ് പറഞ്ഞ് സല്‍മാന്റെ മുന്‍ കാമുകിയും നടിയുമായ സോമി അലി രംഗത്തെത്തിയിരുന്നു. സല്‍മാന്‍ ഖാനോട് ക്ഷമിക്കണം എന്നാണ് സോമി അലി ബിഷ്ണോയി സമൂഹത്തോട് അഭ്യര്‍ത്ഥിച്ചത്.

”തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന് വേണ്ടി ഞാന്‍ മാപ്പ് ചോദിക്കുന്നു, സല്‍മാന്‍ ഖാനായാലും സാധാരണക്കാരനായാലും ഒരാളുടെ ജീവനെടുക്കുന്നത് സ്വീകാര്യമല്ല” എന്നായിരുന്നു സോമി അലി പറഞ്ഞത്. എന്നാല്‍ മുന്‍ കാമുകിയല്ല സല്‍മാന്‍ ഖാനാണ് തങ്ങളോട് മാപ്പ് പറയേണ്ടത് എന്നാണ് ബിഷ്‌ണോയ് സമൂഹത്തിന്റെ പ്രസിഡന്റ് ആയ ദേവേന്ദ്ര ബുദിയ പറയുന്നത്.

”സല്‍മാന്‍ ഖാന്‍ മാപ്പ് പറഞ്ഞാല്‍, ബിഷ്ണോയ് സമൂഹം അത് പരിഗണിക്കും. സോമി അലിയല്ല തെറ്റ് ചെയ്തത്. സല്‍മാന്‍ ഖാനാണ് അത് ചെയ്തത്. അതിനാല്‍, മാപ്പ് പറയേണ്ടത് സല്‍മാന്‍ ഖാനാണ്. സല്‍മാന്‍ ഖാന്‍ ക്ഷേത്രത്തില്‍ വന്ന് ചെയ്ത തെറ്റിന് ക്ഷമ ചോദിക്കണം.”

”ഭാവിയില്‍ ഒരിക്കലും ഇത്തരം തെറ്റ് ചെയ്യില്ലെന്നും വന്യമൃഗങ്ങളെയും പരിസ്ഥിതിയേയും സംരക്ഷിക്കാന്‍ എപ്പോഴും പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുക്കണം. ഇങ്ങനെ ചെയ്താല്‍ മാപ്പ് നല്‍കുന്ന കാര്യം സമുദായം പരിഗണിക്കും” എന്നാണ് ബുദിയ പറയുന്നത്. കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ സംഭവത്തെ തുടര്‍ന്നാണ് സല്‍മാനെതിരെ വധഭീഷണി പറയുന്നത്.

Read more