ഷൂട്ടിംഗിനിടെ അസ്വസ്ഥത, ദീപിക പദുകോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബോളിവുഡ് താരം ദീപിക പദുകോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദില്‍ പുതിയ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ ഹൃദയമിടിപ്പ് വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ദീപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിശദമായ പരിശോധനയ്ക്ക് ശേഷം ഹൃദയമിടിപ്പ് സ്ഥിരമായതിനെ തുടര്‍ന്ന് താരം ആശുപത്രി വിട്ടു.

പ്രഭാസ് നായകനാകുന്ന പുതിയ ചിത്രത്തിലാണ് ദീപിക ഇപ്പോള്‍ അഭിനയിക്കുന്നത്. സാങ്കല്‍പ്പിക മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് ചിത്രമെന്നാണ് സൂചന. അമിതാഭ് ബച്ചനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇതുവരെ പേര് നല്‍കിയിട്ടില്ല. തെലുങ്കിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്, മലയാളം, തമിഴ് എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. 2023ലാകും ചിത്രം പ്രദര്‍ശനത്തിന് എത്തുക.