അമിതാഭ് ബച്ചന് ശേഷം അതേ ബഹുമാനം ലഭിക്കുന്നത് എനിക്കാണ്..: കങ്കണ

ബോളിവുഡില്‍ അമിതാഭ് ബച്ചന് ലഭിക്കുന്നതിന് തുല്യമായ സ്‌നേഹവും ആദരവുമാണ് തനിക്കും ലഭിക്കുന്നതെന്ന അവകാശവാദവുമായി നടി കങ്കണ റണാവത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കവെയാണ് കങ്കണ ഇത് പറഞ്ഞത്. ഹിമാചല്‍ പ്രദേശിലെ മണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ് കങ്കണ.

”രാജ്യം മുഴുവന്‍ അമ്പരന്നിരിക്കുകയാണ്. രാജസ്ഥാനിലോ ബംഗാളിലോ ഡല്‍ഹിയിലോ മണിപ്പൂരോ പോയാലും എല്ലായിടത്ത് നിന്നും സ്‌നേഹവും ബഹുമാനവും ലഭിക്കുന്നു. അമിതാഭ് ബച്ചന് ശേഷം അതുപോലൊരു സ്‌നേഹവും ബഹുമാനവും ഇന്‍ഡസ്ട്രിയില്‍ നിന്ന് ലഭിച്ചിട്ടുണ്ടെങ്കില്‍ അത് എനിക്കാണ്” എന്നാണ് കങ്കണ പറയുന്നത്.

‘എമര്‍ജന്‍സി’യാണ് കങ്കണയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായി കങ്കണ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഇന്ത്യയുടെ അടിയന്തരാവസ്ഥക്കാലമാണ് എമര്‍ജന്‍സിയുടെ പ്രമേയം. ജൂണ്‍ 14ന് ആണ് ചിത്രത്തിന്റെ റിലീസ്.

അതേസമയം, അടുത്തിടെ പുറത്തിറങ്ങിയ കങ്കണയുടെ മിക്ക സിനിമകളും ഫ്ളോപ്പ് ആയിരുന്നു. മണികര്‍ണികയ്ക്ക് ശേഷം പുറത്തിറങ്ങിയ ജഡ്ജ്മെന്റല്‍ ഹേ ക്യാ, പങ്ക, തലൈവി, ധാക്കഡ്, തേജസ്, ചന്ദ്രമുഖി 2 എന്നീ സിനിമകള്‍ തിയേറ്ററില്‍ ഫ്ളോപ്പ് ആയിരുന്നു. ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലും ഇവയൊന്നും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.