പ്രക്ഷോഭ വർഷം 2019: അടിച്ചമർത്തൽ ഭരണകൂടങ്ങള്‍ക്ക് എതിരെ ലോകജനത തെരുവിലിറങ്ങിയ വർഷം

ശരത് ചന്ദ്ര ബോസ്

 

ലോകമെമ്പാടും വലിയ പ്രതിഷേധ സമരങ്ങൾക്ക് സാക്ഷ്യം വഹിച്ച വർഷമായിരുന്നു 2019. അഴിമതി, നികുതിനയം, കാലാവസ്ഥ വ്യതിയാനം തുടങ്ങി നിരവധി വിഷയത്തില്‍ വിവിധ രാജ്യങ്ങളിൽ പ്രതിഷേധ സമരം പൊട്ടിപ്പുറപ്പെട്ടു. ഭരണവർഗം അടിച്ചേൽപ്പിച്ച നടപടിയിൽ മനംമടുത്ത സാധാരണക്കാരുടെ പ്രതികരണമായിരുന്നു ഇത്തരം സമരങ്ങളിൽ പ്രതിഫലിച്ചത്. ഹോങ്കോംഗ് മുതൽ പ്യൂട്ടോ റിക്കോ വരെ, ചിലി മുതൽ ഇന്ത്യ വരെ, പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ഏതാണ്ട് എല്ലാ ഭൂഖണ്ഡങ്ങളിലും ജനരോഷം ആളിപ്പടർന്നു. തങ്ങളുടെ ഭരണകൂടത്തിനെതിരെ ദശലക്ഷക്കണക്കിന് ആളുകൾ പ്രതിഷേധ പ്രകടനവുമായി തെരുവിലിറങ്ങി.

ഹോങ്കോംഗ്

വിവാദമായ കൈമാറൽ ബില്ലിനെതിരെ (Fugitive Offenders amendment bill)  സമാധാനപരമായി ആരംഭിച്ച പ്രതിഷേധ മാർച്ചുകൾ ആധുനിക കാലത്ത് ഹോങ്കോംഗ് കണ്ട ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയായി മാറി. നിലവിൽ വന്നാൽ, ഹോങ്കോങ്ങിന്  കൈമാറൽ കരാറുകളില്ലാത്ത തായ്‌വാനും ചൈനയും ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ  ഒളിച്ചോടിയ കുറ്റവാളികളെ കൈമാറാൻ ബിൽ അനുവദിക്കും. പ്രതിഷേധം ആരംഭിച്ചതു മുതൽ 6000- ത്തിൽ അധികം ആളുകൾ അറസ്റ്റിലായി.

ഓൾഡ് സാൻ ജുവാൻ, പ്യൂട്ടോറിക്കോ

പ്യൂട്ടോറിക്കോയിൽ പ്രതിഷേധക്കാർ ഗവർണർ റിക്കാർഡോ എ. റോസെല്ലെയുടെ രാജി ആവശ്യപ്പെട്ടാണ്  തെരുവുകളിൽ ഇറങ്ങി പ്രതിഷേധിച്ചത്. രാജിവെയ്ക്കാനുള്ള നിരന്തരമായ ആഹ്വാനത്തെ റിക്കാർഡോ എ. റോസെല്ലെ എതിർക്കുകയും ഇത് ദ്വീപ് കണ്ട ഏറ്റവും വലിയ പ്രതിഷേധ പ്രകടനങ്ങൾക്ക് കാരണമാവുകയുമായിരുന്നു.

ഗവർണറും അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സഹായികളും തമ്മിൽ നടത്തിയ ഗ്രൂപ്പ് ചാറ്റിന്റെ 889 പേജുകൾ ചോർന്നതിനെ തുടർന്നായിരുന്നു പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ഗവർണറും അദ്ദേഹത്തിന്റെ പതിനൊന്ന് സഹായികളും ഉൾപ്പെടുന്ന ചാറ്റുകളിൽ, മരിയ ചുഴലിക്കാറ്റിനായുള്ള ദുരിതാശ്വാസ നിധിയിലെ അഴിമതിയുടെ വിശദാംശങ്ങൾ, സ്ത്രീവിരുദ്ധവും സ്വവർഗ്ഗനുരാഗവിരുദ്ധവുമായ സന്ദേശങ്ങൾ എന്നിവയും ഉണ്ടായിരുന്നു. സാമ്പത്തിക ചെലവുചുരുക്കൽ നടപടികളും മരിയ ചുഴലിക്കാറ്റിന്റെ നാശവും കാരണം വർഷങ്ങളായി ദുരിതമനുഭവിക്കുന്ന പ്യൂട്ടോറിക്കക്കാർക്ക് ഗവർണറുടെ ഭരണത്തിൽ നിന്നും രക്ഷ നേടാനുള്ള അവസാന കച്ചിത്തുരുമ്പായിരുന്നു രഹസ്യ സന്ദേശങ്ങളുടെ ചോർച്ച. പ്രതിഷേധങ്ങൾക്ക് ഒടുവിൽ ജൂലൈ 24-ന് ഗവർണർ റോസെല്ലോ ഒരു ഫെയ്സ്ബുക്ക് ലൈവ് സ്ട്രീം നടത്തി തന്റെ രാജി അറിയിക്കുകയായിരുന്നു.  ഓഗസ്റ്റ് 2 മുതൽ രാജി പ്രാബല്യത്തിൽ വന്നു.

പശ്ചിമേഷ്യന്‍ രാജ്യങ്ങളായ ഇറാക്ക്, ലെബനൻ, ഇറാൻ എന്നിവിടങ്ങളിൽ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ ശക്തി പ്രാപിച്ച വർഷം കൂടിയായിരുന്നു 2019.

ബാഗ്ദാദ്, ഇറാക്ക്

സർക്കാരിനെതിരെയുള്ള പ്രതിഷേധത്താൽ ബാഗ്ദാദ് അക്ഷരാർത്ഥത്തിൽ കത്തി.  ഒക്ടോബർ ഒന്നിന് പ്രകടനങ്ങൾ ആരംഭിച്ചതിനു ശേഷം 400-ൽ അധികം ആളുകൾ കൊല്ലപ്പെട്ടു. തലസ്ഥാനത്തുടനീളം സുരക്ഷാ സേനയെ വിന്യസിച്ചു. റോഡുകൾ തടഞ്ഞു, ഇന്റർനെറ്റ് വിച്ഛേദിച്ചു, മാധ്യമ സ്വാതന്ത്ര്യം കർശനമായി നിയന്ത്രിക്കപ്പെട്ടു. സർക്കാർ വാഗ്ദാനം മാത്രം നൽകുകയും അത് പാലിക്കാതിരിക്കുകയും ചെയ്യുന്നതിൽ യുവജനത ഉൾപ്പെടെ നിരാശരായിരുന്നു. 2003 മുതൽ രാജ്യം ഭരിച്ചു പോരുന്ന സൈനിക നേതാക്കൾ, മതനേതാക്കൾ, പഴയ രീതിയിലുള്ള രാഷ്ട്രീയ ഘടനകൾ എന്നിവ തീർത്തും പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു ജനങ്ങൾ തെരുവുകളിലേക്ക് ഇറങ്ങിയത്.

ബെയ്റൂട്ട്, ലെബനൻ

തകർന്നു കൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥക്കെതിരെ ലെബനീസ് ജനത തെരുവിലിറങ്ങിയ വർഷമായിരുന്നു 2019. ലെബനൻ ബാദ്ധ്യതപ്പെട്ടിരിക്കുന്നത്   8000 കോടിയിലധികം ഡോളറിനാണ്. ജിഡിപി അനുപാതത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും ഉയർന്ന കടമാണ് ലെബനന്റേത്. രാജ്യത്തിന്റെ ഭരണം എങ്ങനെ നിർവഹിക്കപ്പെടുന്നു, ആരാണ് ഈ ഭരണം നടത്തുന്നത് എന്നതിലെല്ലാം അടിസ്ഥാനപരമായ മാറ്റം പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനത ആഗ്രഹിച്ചു. പ്രതിഷേധങ്ങൾ നീണ്ടുപോയതിന്റെ ഫലമായി രാജ്യം ഒരുപരിധിവരെ സ്തംഭനാവസ്ഥയിലായി.

ടെഹ്‌റാൻ, ഇറാൻ

ഭരണാധികാരികൾ ഇന്ധന വില 50 ശതമാനത്തിനും 300 ശതമാനത്തിനും ഇടയിൽ വർദ്ധിപ്പിച്ചതിന് ശേഷം ജനങ്ങൾ വലിയ അളവിൽ തെരുവിൽ ഇറങ്ങി പ്രതിഷേധിച്ചു. മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണലിന്റെ കണക്കുകൾ പ്രകാരം 300 പ്രതിഷേധക്കാർ കൊല്ലപ്പെട്ടു. പ്രതിഷേധങ്ങളോട് സർക്കാർ പ്രതികരിച്ചത് ദിവസങ്ങളോളം രാജ്യത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും ഇന്റർനെറ്റ് വിച്ഛേദിച്ചുമായിരുന്നു. ഈ പ്രതിഷേധം രാജ്യത്ത് വർദ്ധിച്ചു വന്ന കടത്തിന്റെയും സാമ്പത്തിക പ്രശ്നങ്ങളുടെയും അനന്തരഫലമായിരുന്നു.

സാന്റിയാഗോ, ചിലി

ചിലിയുടെ പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേരയുടെ രാജി ആവശ്യപ്പെട്ട് ഒക്ടോബറിൽ ഒരു ദശലക്ഷത്തിലധികം പേർ പ്രതിഷേധ സമരവുമായി തെരുവിലിറങ്ങി. രാജ്യത്ത് വർദ്ധിച്ചു വരുന്ന ജീവിത ചെലവിനെതിരെ ആയിരുന്നു അവരുടെ പ്രതിഷേധം. സബ്‌വേ നിരക്ക് വർദ്ധന പ്രഖ്യാപിച്ചതിനെ തുടർന്നാണ് പ്രതിഷേധം ആരംഭിച്ചത്. സാമ്പത്തിക അസമത്വത്തോടുള്ള ജനരോഷം കാരണം ഈ പ്രതിഷേധം തുടർന്നു. പ്രതിഷേധത്തെ തുടർന്ന് 21 പേർ കൊല്ലപ്പെടുകയും ആയിരങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തു. നിർദ്ദിഷ്ട നിരക്ക് വർദ്ധന സർക്കാർ റദ്ദാക്കി. എന്നാൽ ഇത് പര്യാപ്തമല്ലെന്ന നിലപാടിൽ ജനങ്ങൾ ഉറച്ചു നിന്നു. അടുക്കളകളിൽ ഉപയോഗിക്കുന്ന ലോഹപാത്രങ്ങളിൽ അടിച്ചു ശബ്ദമുണ്ടാക്കി കൊണ്ടുള്ള പ്രതിഷേധ രീതി ചിലിയൻ പ്രക്ഷോഭത്തിന്റെ പ്രത്യേകതയായിരുന്നു.

അൾജീരിയ

2019-ലെ അൾജീരിയൻ പ്രതിഷേധം (പുഞ്ചിരി വിപ്ലവം) അഥവാ ഹിരാക് പ്രസ്ഥാനം,  ഫെബ്രുവരി 16- ന് ആരംഭിച്ചു.  രാജ്യത്തിന്റെ പ്രസിഡന്റ് പദത്തിലേക്ക് അബ്‌ഡെലാസിസ് ബൗട്ടെഫ്‌ളിക്ക ഒപ്പുവെച്ച പ്രസ്താവനയിൽ തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ആറ് ദിവസത്തിന് ശേഷമായിരുന്നു ഇത്. അൾജീരിയൻ ആഭ്യന്തരയുദ്ധത്തിനു ശേഷം രാജ്യം കാണുന്ന ഏറ്റവും വലിയ പ്രതിഷേധം പൊതുവെ സമാധാനപരമായിരുന്നു. ഇത് 2019 ഏപ്രിൽ 2-ന് അബ്‌ഡെലാസിസ് ബൗട്ടെഫ്‌ളിക്കയുടെ രാജി ആവശ്യപ്പെടാൻ സൈന്യത്തെ ഈ ജനകീയ സമരം പ്രേരിപ്പിക്കുകയും ചെയ്തു.

ഇക്വഡോർ

ഇക്വഡോർ പ്രസിഡന്റ് ലെനൻ മൊറേനോയും അദ്ദേഹത്തിന്റെ ഭരണകൂടവും അംഗീകരിച്ച ഇന്ധന സബ്സിഡി റദ്ദാക്കൽ ഉൾപ്പെടെയുള്ള ചെലവുചുരുക്കൽ നടപടികൾക്കെതിരായ പ്രതിഷേധങ്ങളുടെയും കലാപങ്ങളുടെയും പരമ്പരയായിരുന്നു 2019 ഇക്വഡോർ പ്രതിഷേധം. ചെലവുചുരുക്കൽ നടപടികൾ മാറ്റുന്നതിനായി തദ്ദേശീയ സംഘങ്ങളും ഇക്വഡോർ സർക്കാരും ധാരണയിലെത്തിയതോടെ സംഘടിത പ്രതിഷേധം അവസാനിച്ചു. അമിതവിലയും പൊതുകടവും എങ്ങനെ നേരിടുന്നതിന് സഹകരിച്ചു പ്രവർത്തിക്കാം എന്ന ധാരണയിൽ എത്തുകയും ചെയ്തു.

ഫ്രാൻസ്

പെൻഷൻ സമ്പ്രദായം മാറ്റാനുള്ള ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പദ്ധതികൾക്കെതിരെ റെയിൽവേ തൊഴിലാളികളും അധ്യാപകരും ആശുപത്രി ജീവനക്കാരും ഫ്രാൻസിലെ നഗരങ്ങളിൽ മാർച്ച് നടത്തി പ്രതിഷേധിച്ചു. 800,000- ത്തിൽ അധികം ആളുകൾ പങ്കെടുത്ത മാർച്ച് പതിറ്റാണ്ടുകൾക്ക് ശേഷം ഫ്രാൻസ് കണ്ട ഏറ്റവും വലിയ പൊതുമേഖലാ പണിമുടക്കുകളിലൊന്നായിരുന്നു. രാജ്യവ്യാപകമായി നടന്ന ഗതാഗത പണിമുടക്ക് ഫ്രാൻസിന്റെ ഭൂരിഭാഗം നഗരങ്ങളെയും സ്തംഭിപ്പിച്ചു.  പെൻഷൻ മാറ്റങ്ങൾ ദശലക്ഷക്കണക്കിന് ആളുകളെ കുറഞ്ഞ വേതനത്തിൽ കൂടുതൽ സമയം ജോലി ചെയ്യാൻ നിർബന്ധതരാക്കുന്നതായിരുന്നു.

ഇന്ത്യ

മുസ്ലിങ്ങള്‍ അല്ലാത്തിടത്തോളം കാലം അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നും കുടിയേറുന്നവർക്ക് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ അനുമതി നൽകുന്ന പൗരത്വ ഭേദഗതി നിയമം ഇന്ത്യ പാസാക്കി. ഇന്ത്യയിലെ 200 ദശലക്ഷം മുസ്ലിം സമുദായത്തെ പാർശ്വവത്കരിക്കുന്ന ഈ നിയമത്തിനെതിരെ വലിയ രീതിയിലുള്ള ജനകീയ പ്രക്ഷോഭത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. പ്രതിഷേധങ്ങൾക്ക് നേരെയുള്ള പൊലീസ് വെടിവെയ്പ്പിനെ തുടർന്ന് നിരവധി പേരാണ് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലായി കൊല്ലപ്പെട്ടത്. മൊബൈൽ ഫോൺ ഇന്റർനെറ്റ് സേവനങ്ങൾ എന്നിവ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ സർക്കാർ റദ്ദ് ചെയ്തു.

2018ൽ തുടങ്ങി 2019ലും തുടർന്ന പ്രക്ഷോഭങ്ങൾ

ഹെയ്തി

വർദ്ധിച്ച ഇന്ധനവിലയ്ക്ക് എതിരെ 2018 ജൂലൈ 7 ന് ആരംഭിച്ച ഹെയ്തിയിലെ നഗരങ്ങളിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളാണ് 2018–2019 ഹെയ്തിയൻ പ്രതിഷേധം. കാലക്രമേണ ഈ പ്രതിഷേധങ്ങൾ ഹെയ്തി പ്രസിഡന്റ് ജോവനൽ മോയിസിന്റെ രാജി ആവശ്യമായി പരിണമിച്ചു. പ്രതിപക്ഷ രാഷ്ട്രീയക്കാരനായ ജീൻ-ചാൾസ് മോസിന്റെ നേതൃത്വത്തിൽ, സാമൂഹിക വികസന പരിപാടികൾ നിശ്ചയിക്കുന്നതിനും അഴിമതി ആരോപണവിധേയരായ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യുന്നതിനുമായി ഒരു പരിവർത്തന സർക്കാരിനെ സൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രതിഷേധക്കാർ പ്രഖ്യാപിച്ചു.

സുഡാനീസ് വിപ്ലവം

2018 ഡിസംബർ 19 ന് സുഡാനിലുടനീളം തെരുവ് പ്രതിഷേധത്തോടെ ആരംഭിച്ച സുഡാനിലെ രാഷ്ട്രീയ അധികാരത്തിൽ പ്രധാന മാറ്റമുണ്ടാക്കിയ ഒന്നായിരുന്നു സുഡാൻ വിപ്ലവം. എട്ട് മാസത്തോളം തുടർച്ചയായ നിസ്സഹകരണത്തോടെ ഇത് തുടർന്നു, ഈ കാലയളവിൽ 2019 ഏപ്രിൽ 11 സുഡാനിൽ നടന്ന അട്ടിമറിയിൽ പ്രസിഡന്റ് ഒമർ അൽ ബഷീറിനെ മുപ്പതുവർഷത്തെ അധികാരത്തിനുശേഷം സ്ഥാനഭ്രഷ്ടനാക്കി.

വർദ്ധിത സമരവീര്യത്തോടെ സമത്വം, തുല്യനീതി, സ്വയംഭരണാവകാശം എന്നിവയ്ക്ക് വേണ്ടി ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ച വർഷമായി 2019 ഓർമ്മിക്കപ്പെടും എന്ന കാര്യത്തിൽ സംശയമില്ല. യാഥാസ്ഥിതിക രാഷ്ട്രീയ മൂല്യങ്ങൾ പിന്തുടരുന്ന ഭരണകൂടങ്ങൾ ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ അധികാരത്തിൽ വന്ന് ശക്തി പ്രാപിക്കുന്ന പ്രവണതയാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടായി കണ്ടുവരുന്നത്. ഇതിനെതിരെയുള്ള പ്രത്യുത്തരമായും ലോകമൊട്ടാകെ അരങ്ങേറിയ ജനകീയ പ്രക്ഷോഭങ്ങളെ നിരീക്ഷിക്കാവുന്നതാണ്. ഈ പ്രക്ഷോഭങ്ങളുടെ തുടർച്ചയും പരിണിതിയും എന്താവും എന്ന ആകാംക്ഷയ്ക്ക് കൂടി വഴി നൽകി കൊണ്ടാണ് പുതുവത്സരം പിറക്കുന്നത്.