നിപ ജാഗ്രത പോസ്റ്റില്‍ മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ് കമന്റ്; കുടുംബത്തില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ഇവിടെ പറയരുതെന്ന് താക്കീത് നല്‍കി കേരളാ പോലീസ്

ഫെയ്സ്ബുക്കില്‍ നിപ വൈറസിനെ സംബന്ധിച്ചുള്ള പോസ്റ്റില്‍ അസഭ്യം പറഞ്ഞ് കമന്റിട്ടയാള്‍ക്ക് മാസ്സ് മറുപടിയുമായി കേരളാ പൊലീസ്. ‘ഭീതി വേണ്ട, ജാഗ്രതയോടെ അതിജീവിക്കും, നാം ഒറ്റക്കെട്ടായി’ എന്നായിരുന്നു കേരളാ പൊലീസ് ഫെയ്സ്ബുക്ക് പേജില്‍ വന്ന പോസ്റ്റ്. ഇതോടൊപ്പം ചേര്‍ത്തിരുന്ന ട്രോളില്‍ അരവിന്ദ് നന്ദു എന്നയാള്‍ അസഭ്യം കലര്‍ന്ന കമന്റ് പോസ്റ്റ് ചെയ്തു. പിണറായിയുടെ പട്ടി ട്രോളുംകൊണ്ട് വന്നല്ലോ’ എന്നായിരുന്നു അരവിന്ദ് നന്ദുവിന്റെ കമന്റ്.

കമന്റിന് രസകരമായ മറുപടിയാണ് പോലീസ് നല്‍കിയത്. ആദ്യഘട്ടമെന്ന താക്കീതും ഒപ്പമുണ്ടായിരുന്നു. മറുപടി ഇങ്ങിനെ-”സഹോദരാ, കേരളീയര്‍ ഒരു കുടുംബം പോലെ ഒത്തൊരുമിച്ചു നില്‍ക്കുന്ന, പൊതുജനത്തിന് ഇന്‍ഫര്‍മേഷന്‍സ് നല്‍കുന്ന, അവരോടൊപ്പം നിന്ന് അവരെ സഹായിക്കുന്ന പൊലീസ് വകുപ്പ് പേജാണിത്. ഇവിടെ താങ്കള്‍ കുടുംബത്തില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ദയവായി ഉപയോഗിക്കരുതെന്ന് ആദ്യഘട്ടമായി വിനീതമായി ഓര്‍മ്മിപ്പിക്കുന്നു.”