നടിയോട് കന്യകാത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ട 'പ്രമുഖ നടന്‍' കുടുങ്ങി

നടിയുടെ കന്യകാത്വത്തില്‍ സംശയം പ്രകടിപ്പിക്കുകയും അത് തെളിയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്ത കന്നഡ സിനിമാ നടന്‍ എസ്.എന്‍. രാജശേഖര്‍ വിവാദത്തില്‍. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മഗദി പൊലീസ് രാജശേഖറെ അറസ്റ്റ് ചെയ്തു.

ഐസ് മഹല്‍ എന്ന കന്നഡ ചിത്രത്തിന്റെ സംവിധായകന്‍ കിഷോര്‍ സി നായിക്കിനേയും തന്നെയും കൂട്ടിച്ചേര്‍ത്ത് രാജശേഖര്‍ അപവാദം പ്രചരിപ്പിക്കുന്നതായി നടി അറിഞ്ഞിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് നടി കന്യകയാണോയെന്ന് രാജശേഖര്‍ ചോദിച്ചത്.

ആണെങ്കില്‍ വൈദ്യപരിശോധനയിലൂടെ അക്കാര്യം തെളിയിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. കന്യകയാണെന്ന് തെളിയിച്ചാല്‍ പ്രചരിച്ച ഗോസിപ്പുകള്‍ അസത്യമാണെന്ന് താന്‍ വിശ്വാസിക്കാം എന്നായിരുന്നു രാജശേഖറിന്റെ പ്രതികരണം. തുടര്‍ന്ന് നടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഐസ് മഹല്‍ എന്ന ചിത്രത്തില്‍ നടിയുടെ പിതാവായാണ് രാജശേഖര്‍ അഭിനയിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്ത നടനെ പോലീസ് ജാമ്യത്തില്‍ വിട്ടു.